ലോര്‍ഡ്‌സ്: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇരട്ട സെഞ്ചുറി നേടി റെക്കോഡിട്ട് ന്യൂസീലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ. 

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോണ്‍വെയുടെ നേട്ടം. ലോര്‍ഡ്‌സ് മൈതാനത്തെ അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരവുമാണ് കോണ്‍വെ.

മത്സരത്തില്‍ 347 പന്തുകള്‍ നേരിട്ട കോണ്‍വെ 200 റണ്‍സെടുത്തു. താരത്തിന്റെ ഇരട്ട സെഞ്ചുറി മികവില്‍ ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 378 റണ്‍സെടുത്തു. 

ഇംഗ്ലണ്ട് മണ്ണിലെ അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇതോടെ താരം സ്വന്തമാക്കി. ഇതിഹാസ താരമായിരുന്ന കെ.എസ് രഞ്ജിത്‌സിങ്ജിയുടെ 125 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് കോണ്‍വെ തകര്‍ത്തത്. 1896-ല്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച രഞ്ജിത്‌സിങ് 154 റണ്‍സോടെ പുറത്താകാതെ നിന്നു. 

1880-ല്‍ 152 റണ്‍സെടുത്ത ഡബ്ല്യു.ജി ഗ്രേസാണ് മൂന്നാം സ്ഥാനത്ത്. 

ലോര്‍ഡ്‌സ് മൈതാനത്ത് ടെസ്റ്റില്‍ ഒരു ന്യൂസീലന്‍ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും കോണ്‍വെയ്ക്ക് സ്വന്തമായി. 

നേരത്തെ ടെസ്റ്റിന്റെ ആദ്യ ദിനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ 25 വര്‍ഷം പഴക്കമുള്ള റെക്കോഡും കോണ്‍വെ തകര്‍ത്തിരുന്നു. ലോര്‍ഡ്സിലെ അരങ്ങേറ്റ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡാണ് കോണ്‍വെ മറികടന്നത്.

1996-ല്‍ ലോര്‍ഡ്സിലെ അരങ്ങേറ്റത്തില്‍ 131 റണ്‍സായിരുന്നു ഗാംഗുലി നേടിയത്. 25 വര്‍ഷത്തോളം ഈ റെക്കോഡ് ഇളകാതെ നിന്നു.

Content Highlights: Devon Conway breaks scores double century on Test debut break 125-year-old record