ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ച് മലയാളിതാരം ദേവ്ദത്ത് പടിക്കല്‍. കര്‍ണാടകയ്ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദേവ്ദത്ത്.

ഒടുവില്‍ കേരളത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ദേവ്ദത്ത് സെഞ്ചുറി നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കര്‍ണാടക 101 റണ്‍സെടുത്ത ദേവ്ദത്തിന്റെ മികവില്‍ 338 റണ്‍സെടുത്തു. 

ഇതിനുമുന്‍പ് ഒഡിഷയ്‌ക്കെതിരേ 152, കേരളത്തിനെതിരേ പുറത്താവാതെ 126, റെയില്‍വേസിനെതിരേ പുറത്താവാതെ 145 റണ്‍സ് എന്നിങ്ങനെയാണ് ദേവ്ദത്തിന്റെ സ്‌കോറുകള്‍. 

വിജയ് ഹസാരെ ട്രോഫിയുടെ ഈ സീസണില്‍ ആറുമത്സരങ്ങളില്‍ നിന്നും 673 റണ്‍സാണ് ദേവ്ദത്ത് അടിച്ചുകൂട്ടിയത്. ദേവ്ദത്തിനുമുന്‍പ് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, സൗത്ത് ആഫ്രിക്കന്‍ താരം ആല്‍വിരോ പീറ്റേഴ്‌സണ്‍ എന്നിവര്‍ തുടർച്ചയായി നാല് സെഞ്ചുറികൾ നേടിയിട്ടുണ്ട്.

വിജയ് ഹസാരെ ട്രോഫിയ്ക്ക് ശേഷം ദേവ്ദത്ത് ഐ.പി.എല്ലിലാണ് കളിക്കുക. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലാണ് ദേവ്ദത്ത് കളിക്കുന്നത്. ഏപ്രില്‍ 9 ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം

Content Highlights:  Devdutt Padikkal hits fourth consecutive century in Vijay Hazare Trophy