kotla
ചിത്രം: വിക്കിപീഡിയ

ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍തന്നെ നടന്നേക്കും. കോട്‌ലയില്‍ മത്സരം നടത്തുന്നതിന് ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട്‌സ് ക്രിക്കറ്റ് അസോസിയേഷന് (ഡി.ഡി.സി.എ) താത്കാലികാനുമതി നല്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. 

ഡി.ഡി.സി.എ.യുടെ ഹര്‍ജിയിന്മേലാണ് കോടതിയുടെ ഈ നിര്‍ദേശം. മത്സരത്തിന്റെ നിരീക്ഷകനായി ജസ്റ്റിസ് മുകുല്‍ മുദ്ഗലിനെ കോടതി നിയോഗിച്ചിട്ടുണ്ട്.

കോട്‌ല ടെസ്റ്റിന് ഒരു തടസ്സംകൂടി നീങ്ങിക്കിട്ടാനുണ്ട്. മത്സരം നടക്കണമെങ്കില്‍ ഡല്‍ഹി സര്‍ക്കാറിന്റെ എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി) കിട്ടണം. 2008 മുതലുള്ള വിനോദ നികുതി കുടിശ്ശിക ഇനത്തില്‍ ഡി.ഡി.സി.എ 24.46 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാറിന് നല്കാനുള്ളത്. കുടിശ്ശിക അടയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് നല്കിയിരുന്നു.

ബെംഗളൂരു ടെസ്റ്റ് സമനില; 
മൂന്നാം ടെസ്റ്റ് ടീമില്‍ മാറ്റമില്ല

ബെംഗളൂരു: തുടരെ നാലാം ദിവസവും മഴ കളിമുടക്കിയതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.

ഇവിടെ ആദ്യദിവസം മാത്രമാണ് കളിനടന്നത്. ദക്ഷിണാഫ്രിക്കയെ 214 റണ്‍സിന് പുറത്താക്കിയശേഷം വിക്കറ്റ് നഷ്ടപ്പെടുത്താതെ 80 റണ്‍സ് നേടി ആദ്യദിനം അവസാനിപ്പിച്ചെങ്കിലും മഴകാരണം പിന്നീട് നാലുദിവസവും കളിനടന്നില്ല.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നവംബര്‍ 2529 തീയതികളില്‍ നാഗ്പുരില്‍ നടക്കും. രണ്ടാം ടെസ്റ്റിലെ അതേ ടീമിനെയായിരിക്കും ശേഷിക്കുന്ന രണ്ടുടെസ്റ്റുകളിലും ഇന്ത്യ പരീക്ഷിക്കുക. നാലാം ടെസ്റ്റ് ഡിസംബര്‍ മൂന്നു മുതല്‍ ഡല്‍ഹിയിലാണ് നടക്കുന്നത്.  മൊഹാലിയില്‍ നടന്ന ഒന്നാം ടെസ്റ്റ് ജയിച്ച ഇന്ത്യ നാലുമത്സരങ്ങളുടെ പരമ്പരയില്‍ മുന്നിട്ടുനില്ക്കുകയാണ്.