ന്യൂഡല്‍ഹി: വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ മോഹിത് അഹ്ലാവത്തിന്റെ മിന്നലടികള്‍ക്കു മുന്നില്‍ ചരിത്രം വഴിമാറി. ടിട്വന്റി ക്രിക്കറ്റില്‍ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി ഡല്‍ഹിയുടെ കൗമാരതാരത്തിന് സ്വന്തം. പ്രാദേശിക മത്സരത്തില്‍ മാവി ഇലവനുവേണ്ടി ഓപ്പണറായി ഇറങ്ങിയ മോഹിത് 72 പന്തില്‍ 300 റണ്‍സാണ് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ ടീം എതിരാളികളായ ഫ്രണ്ട്സ് ഇലവനെ 216 റണ്‍സിന് കീഴടക്കുകയും ചെയ്തു.

കുട്ടിക്രിക്കറ്റിലെ അവിശ്വസനീയ ബാറ്റിങ്ങിനാണ് ന്യൂഡല്‍ഹിയിലെ ലളിത പാര്‍ക്ക് ചൊവ്വാഴ്ച സാക്ഷ്യംവഹിച്ചത്. 39 സിക്സറും 14 ബൗണ്ടറിയും സഹിതമാണ് മോഹിതിന്റെ ട്രിപ്പിള്‍ സെഞ്ചുറി വന്നത്. 18 ഓവര്‍ പിന്നിട്ടപ്പോള്‍ 250 റണ്‍സായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാല്‍ അടുത്ത രണ്ട് ഓവറില്‍ 50 റണ്‍സാണ് 21കാരന്‍ അടിച്ചുകൂട്ടിയത്. ഇതില്‍ 34 റണ്‍സ് അവസാന ഓവറിലായിരുന്നു. 

അവസാനത്തെ അഞ്ചു പന്തുകളില്‍ സിക്സര്‍ പറത്തിയാണ് മോഹിത് ട്രിപ്പിള്‍ സെഞ്ചുറിയെന്ന റെക്കോഡ് നേട്ടം കൈവരിച്ചത്. മാവി ടീം 20 ഓവറില്‍ രണ്ടു വിക്കറ്റിന് 416 റണ്‍സാണ് നേടിയത്. ടിട്വന്റി ക്രിക്കറ്റിലെ ഏതൊരു തലത്തിലേയും ഉയര്‍ന്ന സ്‌കോറാണിത്. നേരത്തെ ശ്രീലങ്കന്‍താരം ധനുക പതിറാണ 72 പന്തില്‍ 277 റണ്‍സ് നേടിയതായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

ക്ലബ്ബ് തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ പുറത്താകാതെ നേടിയ 175 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് നേടിയ 156 റണ്‍സാണ് റെക്കോഡ് പട്ടികയിലുള്ളത്. ഡല്‍ഹിക്കുവേണ്ടി മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചതാരമാണ് മോഹിത്. എന്നാല്‍ കേവലം അഞ്ച് റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.