വിരാട് കോലി | Photo: AFP
ന്യൂഡല്‍ഹി: സീനിയര്‍ താരങ്ങള്‍ വിശ്രമമനുവദിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം നേടിയ കളിക്കാരനാണ് ദീപക് ഹൂഡ. ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് താരത്തിന് ദേശീയ ടീമിലേക്കുള്ള വഴിതെളിച്ചത്. കിട്ടിയ അവസരം ഹൂഡ നന്നായി മുതലാക്കുകയും ചെയ്തു. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ സെഞ്ചുറി നേടിക്കൊണ്ട് താരം വരവറിയിച്ചു.
പിന്നാലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഹൂഡ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. ശക്തരായ ഇംഗ്ലണ്ടിനെതിരേ 17 പന്തുകളില്‍ നിന്ന് 33 റണ്‍സാണ് താരം അടിച്ചെടുത്തത്. ഹൂഡയുടെ ഈ മിന്നുന്ന ഫോം വിരാട് കോലിയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ വസിം ജാഫര്‍. കോലി കളിക്കുന്ന മൂന്നാം നമ്പറിലാണ് ഹൂഡ കളിക്കുന്നത്. ഹൂഡ ഫോം തുടര്‍ന്നാല്‍ കോലിയ്ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് ജാഫര്‍ പറഞ്ഞു.
' ഹൂഡയുടെ ഫോം കോലിയുടെ തിരിച്ചുവരവ് ദുഷ്കരമാക്കും. ഹൂഡ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. തുടര്‍ച്ചയായി മികച്ച ഇന്നിങ്സുകള്‍ കാഴ്ചവെച്ചാല്‍ കോലിയ്ക്ക് പകരം ഹൂഡ ടീമില്‍ സ്ഥാനമുറപ്പിക്കും' - ജാഫര്‍ പറഞ്ഞു.
ഈയിടെയായി ഫോം കണ്ടെത്താന്‍ പാടുപെടുകയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ പരാജയമായ കോലി ട്വന്റി 20യിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യില്‍ കോലി ടീമില്‍ മടങ്ങിയെത്തും. ആദ്യ ട്വന്റി 20യില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..