തിരുവനന്തപുരം: മൂന്ന് ദിവസത്തിനിടെ രണ്ടാം ഹാട്രിക് സ്വന്തമാക്കി ദീപക് ചാഹര്‍. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20 യില്‍ ഹാട്രിക് നേടിയതിനു പിന്നാലെ ചൊവ്വാഴ്ച സയ്യദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ രാജസ്ഥാനു വേണ്ടിയും തുടര്‍ച്ചയായി മൂന്ന് വിക്കറ്റ് നേടി. വിദര്‍ഭയ്‌ക്കെതിരെയാണ് നേട്ടം.

മഴകാരണം മത്സരം 13 ഓവറാക്കി ചുരുക്കിയിരുന്നു. വിദര്‍ഭ ഇന്നിങ്സിലെ അവസാന ഓവറെറിഞ്ഞ ചാഹര്‍ അവസാന മൂന്ന് പന്തിലും വിക്കറ്റ് സ്വന്തമാക്കി. 13-ാം ഓവറിന്റെ നാലാം പന്തില്‍ ദര്‍ശന്‍ നല്‍കണ്‍ഡെയയും അഞ്ചാം പന്തില്‍ ശ്രീകാന്ത് വോയെയും അവസാന പന്തില്‍ അക്ഷയ് വാട്കറെയും വീഴ്ത്തി. 

മത്സരത്തില്‍ ചാഹര്‍ നാല് വിക്കറ്റ് നേടി. എന്നാല്‍, ചാഹറിന്റെ ടീം ഒരു റണ്ണിന് തോറ്റു. ആദ്യം ബാറ്റുചെയ്ത വിദര്‍ഭ 13 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുത്തു. വി. ജയദേവന്‍ നിയമപ്രകാരം രാജസ്ഥാന്റെ ലക്ഷ്യം 107 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍, 105 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Content Highlights: Deepak Chahar Picks Up Another Hat-trick In Three Days