ഗുവാഹട്ടി: ഇന്ത്യയ്ക്കായി ഏകദിനത്തിലും അരങ്ങേറ്റം കുറിച്ച് യുവതാരം ഋഷഭ് പന്ത്. ധോനിയുടെ പിന്‍ഗാമിയെന്ന ലേബലില്‍ ടീമിലെത്തിയ പന്തിന് ക്യാപ് സമ്മാനിച്ചത് ധോനി തന്നെയായത് യാദൃശ്ചികതയായി.

ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച പന്ത് നേരെ ചെന്നുകയറിയത് റെക്കോഡ് ബുക്കിലേക്കായിരുന്നു. ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡാണ് പന്ത് സ്വന്തമാക്കിയത്. 

19 വര്‍ഷവും 152 ദിവസവും പ്രായമുള്ളപ്പോള്‍ ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റിലും പ്രതിനിധീകരിച്ച ഇഷാന്ത് ശര്‍മയുടെ പേരിലാണ് ഈ റെക്കോഡ്. ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുമ്പോള്‍ 21 വര്‍ഷവും 17 ദിവസവുമാണ് പന്തിന്റെ പ്രായം. 

2017-ല്‍ ഇംഗ്ലണ്ടിനെതിരേയുള്ള ടിട്വന്റി മത്സരത്തിലാണ് പന്ത് ഇന്ത്യയ്ക്കായി അരങ്ങേറിയത്. മൂന്ന് മത്സര പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു പന്തിന്റെ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റവും. ദിനേഷ് കാര്‍ത്തിക്കിന് പരിക്കേറ്റതിനാല്‍ മൂന്നാം ടെസ്റ്റില്‍ പന്തിന് അരങ്ങേറാന്‍ അവസരം ലഭിക്കുകയായിരുന്നു. പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ സെഞ്ചുറി നേടി പന്ത് വരവറിയിക്കുകയും ചെയ്തു.  

വിന്‍ഡീസ് ടീമിലും ഇന്ന് രണ്ടു പേര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഒഷാനെ തോമസും ചന്ദര്‍പോള്‍ ഹേമരാജുമാണ് ഇന്ന് വിന്‍ഡീസിനായി ആദ്യമായി കളത്തിലിറങ്ങിയത്.

Content Highlights: debutant rishabh pant creates history