Photo: twitter.com/CricCrazyJohns
ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ റെക്കോഡ് സ്വന്തമാക്കി അയര്‍ലന്‍ഡിന്റെ ലോര്‍ക്കാന്‍ ടക്കര്‍. അയര്‍ലന്‍ഡിനായി അരങ്ങേറ്റ മത്സരം കളിച്ച ടക്കര്‍ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ ടക്കര്‍ 162 പന്തുകളില്‍ നിന്ന് 108 റണ്‍സെടുത്ത് പുറത്തായി. ഈ സെഞ്ചുറിയോടെ പുതിയ റെക്കോഡും താരം സ്വന്തമാക്കി. അയര്‍ലന്‍ഡിനായി ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരം എന്ന റെക്കോഡാണ് ടക്കര്‍ സ്വന്തമാക്കിയത്.
2018-ല്‍ പാകിസ്താനെതിരേ സെഞ്ചുറി നേടിയ കെവിന്‍ ഒബ്രയനാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. അന്ന് 118 റണ്‍സാണ് താരം നേടിയത്. എവേ ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ അയര്‍ലന്‍ഡ് താരം എന്ന റെക്കോഡും ടക്കര്‍ സ്വന്തം പേരില്‍ കുറിച്ചു. തൈജുള്‍ ഇസ്ലാമിന്റെ പന്തില്‍ തകര്‍പ്പന്‍ കവര്‍ ഡ്രൈവോടെ ബൗണ്ടറി നേടിക്കൊണ്ടാണ് ടക്കര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടക്കറിന്റെ സെഞ്ചുറി മികവില്‍ അയര്‍ലന്‍ഡ് മൂന്നാം ദിനം മത്സരമവസാനിപ്പിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തിട്ടുണ്ട്. 131 റണ്‍സിന്റെ ലീഡും ടീമിനുണ്ട്.
ആദ്യ ഇന്നിങ്‌സില്‍ ടക്കര്‍ 37 റണ്‍സെടുത്തിരുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 214 റണ്‍സിന് ഓള്‍ ഔട്ടായി. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 369 റണ്‍സ് അടിച്ചുകൂട്ടിയതോടെ അയര്‍ലന്‍ഡ് പ്രതിരോധത്തിലായി. രണ്ടാം ഇന്നിങ്‌സില്‍ ഇനിയും സ്‌കോര്‍ കണ്ടെത്തിയില്ലെങ്കില്‍ ടീം തോല്‍വി വഴങ്ങും. നിലവില്‍ 71 റണ്‍സുമായി ആന്‍ഡി മക്‌ബ്രൈനും ഒന്‍പത് റണ്‍സുമായി ഗ്രഹാം ഹ്യൂമുമാണ് ക്രീസിലുള്ളത്.
Content Highlights: Debutant Lorcan Tucker becomes only second Irishman to hit century in test
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..