റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ അതിദയനീയമായ മറ്റൊരു തോല്‍വിയുടെ മുഖത്താണ് ദക്ഷിണാഫ്രിക്ക. മഴയ്ക്കും വെളിച്ചക്കുറവിനും തടയാന്‍ പറ്റാത്തവിധം തോല്‍വി ഉറപ്പായിക്കഴിഞ്ഞ സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി ഓപ്പണര്‍ ഡീല്‍ എല്‍ഗറിന്റെ പരിക്ക്.

ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ ബൗളര്‍ ഉമേഷ് യാദവിന്റെ ബൗണ്‍സറിടിച്ചാണ് എല്‍ഗറിന് പരിക്കേറ്റത്. ചായക്ക് തൊട്ടു മുന്‍പായിരുന്നു സംഭവം. ഉമേഷ് എറിഞ്ഞ ഒന്‍പതാം ഓവറിന്റെ മൂന്നാം പന്താണ് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന് നേരെ എല്‍ഗറിന്റെ ഹെല്‍മറ്റിന്റെ വശത്ത് വന്നിടിച്ചത്. പന്ത് ഇടിച്ച ഉടനെ എല്‍ഗര്‍ ക്രീസില്‍ ഇരുന്നുപോയി. ഉടനെ ഇന്ത്യന്‍ കളിക്കാരും ദക്ഷിണാഫ്രിക്കന്‍ ടീം ഫിസിയോയും ഓടിയെത്തി. പ്രാഥമിക ചികിത്സ നല്‍കിയശേഷം തുടര്‍ന്ന് കളിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ നേരത്തെ ചായ്ക്ക് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു അമ്പയര്‍മാര്‍. 29 പന്തില്‍ നിന്ന് 16 റണ്‍സായിരുന്നു എല്‍ഗറിന്റെ സമ്പാദ്യം. നാല് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന ദയനീയമായ നിലയിലായിരുന്നു ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യുന്ന ദക്ഷിണാഫ്രിക്ക. പിന്നീട് ജോര്‍ജ് ലിന്‍ഡെയാണ് ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയത്.

elgar

ത്യൂനിസ് ഡി ബ്രൂയിനായിരിക്കും എല്‍ഗറിന്റെ കണ്‍ക്കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട്. മത്സരത്തിനിടെ ഒരു കളിക്കാരന് പരിക്കേറ്റാല്‍ മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്താമെന്ന ഐ.സി.സി.യുടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഇത് മൂന്നാം തവണയാണ് ക്രിക്കറ്റില്‍ കണ്‍ക്കഷന്‍ സബ്‌സ്റ്റിറ്റ്യൂഷൻ ഉപയോഗിക്കുന്നത്. 2019ല്‍ ആഷസില്‍ സ്റ്റീവ് സ്മിത്തിന് പകരം വന്ന ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്‌നാണ് ആദ്യ കണ്‍ക്കഷന്‍ സബ്‌സ്റ്റിറ്റ്യട്ട്. പിന്നീട് ജമൈക്കയില്‍ വെസ്റ്റിന്‍ഡീസിന്റെ ഡാരന്‍ ബ്രാവോയ്ക്ക് പകരം ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് ഇറങ്ങി.

Content Highlights: Dean Elgar Ruled Out after hit by Umesh Yadav Bouncer Theunis de Bruyn Concussion Replacement