കേപ്ടൗണ്‍: ഡിസംബര്‍ 26 ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സൗത്ത് ആഫ്രിക്കന്‍ ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് നയിക്കും. രണ്ടുമത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം പ്രിട്ടോറിയയില്‍ ആരംഭിക്കും.

ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ഡയറക്ടറും മുന്‍ നായകനുമായ ഗ്രേയം സ്മിത്താണ് ഇക്കാര്യം അറിയിച്ചത്. ഇടുപ്പിനേറ്റ പരിക്കുമൂലം ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കുന്തമുന കഗിസോ റബാദ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. റബാദയുടെ അഭാവത്തില്‍ ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കെ, ബ്യൂറാന്‍ ഹെന്‍ഡ്രിക്കസ് എന്നിവര്‍ ടീമിന്റെ ബൗളിങ് വിഭാഗം കൈകാര്യം ചെയ്യും. 

ഇടംകൈയന്‍ ബാറ്റ്‌സ്മാനായ സാരെല്‍ എര്‍വി, ഫാസ്റ്റ് ബൗളര്‍ ഗ്ലെന്റണ്‍ സ്റ്റൂര്‍മാന്‍, വിക്കറ്റ് കീപ്പര്‍ കൈല്‍ വെറെയ്ന്‍ എന്നിവര്‍ ഈ പരമ്പരയിലൂടെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിയ്ക്കും. 

Content Highlights: De Kock to captain South Africa Test team without strike bowler Rabada