ദുബായ്: ഐസിസിയുടെ ട്വന്റി-20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഡേവിഡ് മലൻ. പാക് താരം ബാബർ അസമിനെ പിന്തള്ളിയാണ് മലൻ നാല് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാമതെത്തിയത്. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ പ്രകടനം മലനെ തുണയ്ക്കുകയായിരുന്നു.
877 പോയിന്റുള്ള മലൻ 869 പോയിന്റുള്ള മലനേക്കാൾ എട്ടു പോയിന്റ് മുന്നിലാണ്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് മൂന്നാമതും ഇന്ത്യയുടെ ലോകേഷ് രാഹുൽ നാലാം സ്ഥാനത്തുമാണ്. ന്യൂസീലന്റിന്റെ കോളിൻ മൺറോയാണ് അഞ്ചാം സ്ഥാനത്ത്.
ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ 129 റൺസാണ് മലൻ അടിച്ചെടുത്തത്. ഒരു ട്വന്റി-20യിൽ 66 റൺസുമായി കളിയിലെ താരവുമായി. ആകെ 16 ട്വന്റി-20യിൽ നിന്ന് 48.71 ശരാശരിയിൽ 682 റൺസാണ് മലന്റെ സമ്പാദ്യം. ഒരു സെഞ്ചുറിയും ഏഴ് അർധ സെഞ്ചുറിയും താരം ഇതുവരെ നേടിയിട്ടുണ്ട്.
Content Highlights: Dawid Malan Displaces Babar Azam to Become Top Ranked Batsman ICC T20 Rankings