ഹൈദരാബാദ്: ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഐ.പി.ല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്നാണ് വാര്‍ണറുടെ രാജി. വാര്‍ണര്‍ക്ക് പകരം പുതിയ ക്യാപ്റ്റനെ അല്‍പസമയത്തിനകം ടീം പ്രഖ്യാപിക്കും.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് സ്മിത്തിനും ബാന്‍ക്രോഫ്റ്റിനുമൊപ്പം വാര്‍ണറേയും ഓസ്‌ട്രേലിയ തിരിച്ചുവിളിച്ചിരുന്നു. മൂന്നു പേരും ചേര്‍ന്നാണ് പന്തില്‍ കൃത്രിമം കാട്ടാനുള്ള പ്ലാന്‍ തയ്യാറാക്കിയതെന്നും മൂവര്‍ക്കുമെതിരെ അടുത്ത 24 മണിക്കൂറിനുള്ളില്‍ കടുത്ത നടപടിയുണ്ടാകുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ സി.ഇ.ഒ ജെയിംസ് സതര്‍ലന്‍ഡ് ചൊവ്വാഴ്ച്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ണര്‍ ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത്.

ഓസ്‌ട്രേലിയന്‍ ടീം പ്രതിസന്ധിയില്‍ നില്‍ക്കെ സുഹൃത്തുക്കള്‍ക്കൊപ്പം ടീം ഹോട്ടലില്‍ വാര്‍ണര്‍ ആഘോഷം നടത്തിയതും വിവാദമായിരുന്നു. തുടര്‍ന്ന് ടീമംഗങ്ങള്‍ തന്നെ വാര്‍ണര്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തു. വാര്‍ണറെ കളിപ്പിച്ചാല്‍ തങ്ങള്‍ ഗ്രൗണ്ടിലിറങ്ങില്ലെന്ന് ടീമംഗങ്ങള്‍ ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം ആരോപണം നേരിടുന്ന സ്റ്റീവ് സ്മിത്ത് നേരത്തെ തന്നെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു. പകരം അജിങ്ക്യ രഹാനെ ചുമതലയേല്‍ക്കുകയും ചെയ്തു. ഏപ്രില്‍ ഒമ്പതിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ മത്സരം

 Content Highlights: David Warner steps down as captain of Sunrisers Hyderabad Ball Tampering