Photo: Getty Images
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളാണ് ഡേവിഡ് വാര്‍ണര്‍. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലും വാര്‍ണറിനോളം സ്ഥിരതയോടെ കളിക്കുന്ന മറ്റൊരു താരം ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ക്കിടയിലില്ല. ഇപ്പോഴിതാ ഇരട്ടസെഞ്ചുറി നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഇടംകൈയ്യന്‍ ബാറ്റര്‍.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇരട്ടസെഞ്ചുറി നേടിക്കൊണ്ട് വാര്‍ണര്‍ ചരിത്രം കുറിച്ചു. തന്റെ 100-ാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടിക്കൊണ്ടാണ് വാര്‍ണര്‍ ചരിത്രത്തിന്റെ ഭാഗമായത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ ബാറ്ററാണ് വാര്‍ണര്‍. 100-ാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ മാത്രം ബാറ്ററുമാണ് വാര്‍ണര്‍.
നേരത്തേ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. 2021-ല്‍ ഇന്ത്യയ്‌ക്കെതിരെയാണ് ജോ റൂട്ട് 100-ാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടിയത്.
254 പന്തുകളില്‍ നിന്ന് 16 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെയാണ് താരം ഇരട്ടസെഞ്ചുറി കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കുമെന്ന് വാര്‍ണര്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഈ ഇരട്ടസെഞ്ചുറിയ്ക്ക് മാറ്റേറും.വാര്‍ണറുടെ ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാം ഇരട്ടസെഞ്ചുറിയാണിത്. ഇരട്ട സെഞ്ചുറി നേടിയ ഉടന്‍ വാര്‍ണര്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ചെയ്തു. ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് താരം റിട്ടയര്‍ ചെയ്തത്.
100-ാം ടെസ്റ്റില്‍ മറ്റൊരു നേട്ടം കൂടി വാര്‍ണറുടെ അക്കൗണ്ടിലെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കാനും വാര്‍ണര്‍ക്ക് സാധിച്ചു. വ്യക്തിഗത സ്‌കോര്‍ 81-ല്‍ നില്‍ക്കെയാണ് വാര്‍ണര്‍ 8000 ക്ലബ്ബിലെത്തിയത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് നേടുന്ന എട്ടാമത്തെ താരം കൂടിയാണ് വാര്‍ണര്‍. റിക്കി പോണ്ടിങ്. ബോര്‍ഡര്‍, സ്റ്റീവ് വോ, മൈക്കിള്‍ ക്ലാര്‍ക്ക്. മാത്യു ഹെയ്ഡന്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്ക് വോ എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍.
Content Highlights: dawid warner, australia vs south africa, century in 100th test, warner century, warner australia
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..