ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ ചിരവൈരികളാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഇംഗ്ലണ്ടും ഓസ്ട്രേലിയയും. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ആഷസ് പരമ്പര. എന്നാൽ അത്തരം ചിന്തകൾക്ക് ഐ.പി.എൽ പോലുള്ള മത്സരങ്ങളിൽ സ്ഥാനമില്ലെന്ന് ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ പറയുന്നു.

ഐ.പി.എല്ലിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയ്ക്കൊപ്പമുള്ള കൂട്ടുകെട്ട് ഓർത്തെടുക്കുകയാണ് വാർണർ. സൺറൈസേഴ്സ് ഹൈദരാബാദിനായി ഇരുവരും ചേർന്നാണ് ഓപ്പൺ ചെയ്യാറ്. ഈ കൂട്ടുകെട്ടിലൂടെ 791 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. അതിൽ നാല് സെഞ്ച്വറി കൂട്ടുകെട്ടുകളുമുണ്ട്.

തന്റെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിങ് പങ്കാളികളിലൊരാളാണ് ബെയർസ്റ്റോ എന്നാണ് വാർണർ പറയുന്നത്.

'ഐ.പി.എല്ലിൽ വരുന്നതുവരെ ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടില്ല. ഞങ്ങൾക്ക് പരസ്പരം അറിയുക പോലുമില്ല. എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നെറ്റ്സ് പ്രാക്റ്റീസിനിടെ ഞങ്ങൾക്കിടയിൽ മികച്ച സൗഹൃദമുണ്ടായി. അത് ബാറ്റിങ്ങിലും ഒരുപാട് സഹായിച്ചു. റൺസിനായി ഓടുമ്പോൾ എനിക്ക് ജോണിയുമായി പെട്ടന്ന് ബന്ധം സ്ഥാപിക്കാൻ സാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ റൺസും സ്കോർ ചെയ്യാനായി' - വാർണർ പറഞ്ഞു

ആർ.സി.ബിയ്ക്കെതിരായ മത്സരമാണ് വാർണർ എടുത്തുകാണിക്കുന്നത്. മിഡ് വിക്കറ്റിൽ ഫീൽഡ് ചെയ്തിരുന്ന ആർ.സി.ബി നായകൻ വിരാട് കോലിയുടെ അടുത്തേക്ക് ബോളടിച്ച് നിരവധി റൺസുകൾ ഓടിയെടുത്തപ്പോൾ ക്യാപ്റ്റന്‍ കോലിയെ ചൊടിപ്പിച്ചെന്ന് വാർണർ പറയുന്നു. ബെയർസ്റ്റോയും വാർണറും ആ മത്സരത്തിൽ അതിവേഗത്തിലാണ് റൺസുകൾ ഓടിയെടുത്തത്.

ഐ.പി.എൽ പോലുള്ള ലീഗുകൾ വിദേശ താരങ്ങൾ തമ്മിലുള്ള അകലം കുറച്ച് സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന് കാരണമാകുന്നു. എന്നാൽ സ്വന്തം രാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ അതെല്ലാം മറന്നേ പറ്റൂ. അതും ക്രിക്കറ്റിന്റെ ഭാഗമാണ്- വാർണർ കൂട്ടിച്ചേർത്തു.

Content Highlights: David Warner,  partnership with Jonny Bairstow, Royal Challengers Bangalore