മാഞ്ചെസ്റ്റര്‍: ആഷസ് പരമ്പരയ്ക്ക് ഒരുങ്ങുമ്പോള്‍ ഓസീസിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്ന് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഫോമായിരുന്നു. എന്നാല്‍ ഇത്തവണത്തെ പരമ്പര ഏഴ് ഇന്നിങ്‌സുകള്‍ പിന്നിടുമ്പോള്‍ വാര്‍ണറുടെ സ്‌കോറുകള്‍ ഇങ്ങനെ; 2, 8, 2, 5, 61, 0, 0. ഇതില്‍ അഞ്ചു തവണയും വാര്‍ണറെ പുറത്താക്കിയത് സ്റ്റുവര്‍ട്ട് ബ്രോഡും.

നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ടെസ്റ്റിലെ നാലാം പന്തില്‍ തന്നെ ബ്രോഡ് വാര്‍ണറെ പൂജ്യനാക്കി മടക്കി. രണ്ട് പന്ത് മാത്രം നേരിട്ട വാര്‍ണറെ ബ്രോഡിന്റെ പന്തില്‍ കീപ്പര്‍ ബെയര്‍സ്റ്റോ ക്യാച്ചെടുക്കുകയായിരുന്നു.

പന്തു ചുരണ്ടല്‍ വിവാദത്തിനു ശേഷമുള്ള വാര്‍ണറുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. അതോ വാര്‍ണര്‍ക്ക് നിരാശ സമ്മാനിക്കുന്നതും. 

ബര്‍മിങ്ങാമില്‍ നടന്ന ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും വാര്‍ണറെ പുറത്താക്കിയത് ബ്രോഡായിരുന്നു. ലോഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വാര്‍ണറുടെ കുറ്റി തെറിപ്പിച്ചതും ബ്രോഡ് തന്നെ. ലീഡ്‌സിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ബ്രോഡ് വാര്‍ണറെ പുറത്താക്കിയത്. ഇപ്പോഴിതാ മാഞ്ചെസ്റ്ററിലും വാര്‍ണറെ വീഴ്ത്തിയിരിക്കുന്നതും ബ്രോഡ് തന്നെ.

Content Highlights: David Warner poor form Against Stuart Broad Continues