കാന്‍ബറ: ഐപിഎല്‍ 14-ാം സീസണിനിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ക്യാപ്റ്റന്‍ കൂടിയായ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയത് വലിയ ചര്‍ച്ചയായിരുന്നു. 

മോശം ഫോമിന്റെ പേരിലായിരുന്നു തങ്ങളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണെന്ന പരിഗണന പോലുമില്ലാതെ ടീം മാനേജ്‌മെന്റ് താരത്തെ പുറത്തിരുത്തിയത്. ഇതിനു ശേഷം ടീം ജേഴ്‌സിയണിഞ്ഞ് ഗാലറിയില്‍ ടീം പതാക വീശി കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന വാര്‍ണര്‍ 14-ാം സീസണിലെ സങ്കടക്കാഴ്ചകളിലൊന്നായിരുന്നു.

എന്നാല്‍ ട്വന്റി 20 ലോകകപ്പില്‍ ആ വിഷമങ്ങളെല്ലാം മറന്ന് മികച്ച പ്രകടനം നടത്തിയ വാര്‍ണര്‍ ഓസ്‌ട്രേലിയയെ തങ്ങളുടെ കന്നി കിരീടത്തിലേക്ക് നയിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും വാര്‍ണര്‍ തന്നെയായിരുന്നു.

ഐപിഎല്ലിനിടയിലെ വിഷമകരമായ സംഭവം അരങ്ങേറി മാസങ്ങള്‍ക്കു ശേഷം ഇപ്പോഴിതാ ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് വാര്‍ണര്‍.

വര്‍ഷങ്ങളോളം നിങ്ങള്‍ സ്‌നേഹിച്ച ടീമില്‍ നിന്ന് തഴയപ്പെടുമ്പോള്‍ അത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് വാര്‍ണര്‍ പ്രതികരിച്ചു. എക്കണോമിക്‌സ് ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വാര്‍ണര്‍ ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ചത്. 

''വര്‍ഷങ്ങളായി നിങ്ങള്‍ ഏറെ സ്‌നേഹിച്ച ഒരു ടീമില്‍ നിന്ന് നിങ്ങളെ ഒഴിവാക്കുകയും യാതൊരു കാരണവും പറയാതെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് വേദനിപ്പിക്കുന്ന കാര്യമാണ്. അതേസമയം, എനിക്ക് പരാതികളൊന്നുമില്ല. ഇന്ത്യയിലെ ആരാധകര്‍ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു, അവര്‍ക്കുവേണ്ടിയാണ് കളിക്കുന്നത്'', വാര്‍ണര്‍ പറഞ്ഞു.

2016-ല്‍ സണ്‍റൈസേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച വാര്‍ണര്‍ 2021-ല്‍ യുഎഇയില്‍ നടന്ന ഐപിഎല്‍ രണ്ടാം പാദത്തില്‍ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. 

എങ്കിലും ടീമില്‍ ഇടം നഷ്ടമായ ശേഷവും താന്‍ കഠിന പരിശീലനത്തിലായിരുന്നുവെന്ന് വാര്‍ണര്‍ ചൂണ്ടിക്കാട്ടി.

Content Highlights: david warner opens up on dropped from sunRisers hyderabad