സതാംപ്റ്റൺ: ഓസ്ട്രേലിയൻ ക്രിക്കറ്റിനെ നാണക്കേടിലാഴ്ത്തിയ സംഭവമായിരുന്നു പന്ത് ചുരണ്ടൽ വിവാദം. ഇതിനുശേഷം സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും നിരന്തരം പരിഹാസങ്ങൾക്ക് വിധേയരായിരുന്നു. ആരാധകരും കാണികളും പലപ്പോഴും താരങ്ങളെ പരിഹസിക്കുന്ന പ്ലക്കാർഡുകളുമായി സ്റ്റേഡിയങ്ങളിലെത്തിയിരുന്നു.

എന്നാൽ ഇപ്പോൾ അത്തരം പരിഹാസങ്ങളും കൂവലുകളും ഇല്ലാതെ ശാന്തമായി കളിക്കാനാകുന്നുണ്ടെന്ന് ഓസീസ് താരം വാർണർ പറയുന്നു. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഓസ്ട്രേലിയൻ ടീമിനൊപ്പമാണ് വാർണർ. കോവിഡ് ആശങ്കയെത്തുടർന്ന് അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരം നടക്കുന്നതിനാലാണ് കൂവലും പരിഹാസങ്ങളുമില്ലാത്തതെന്ന് വാർണർ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിനുശേഷമായിരുന്നു വാർണറുടെ പ്രതികരണം.

'ഒരു തരത്തിൽ നോക്കിയാൽ ഇതു തീർത്തും അപരിചിതമായ അനുഭവമാണ്. എങ്കിലും കാണികളുടെ പരിഹാസമില്ലാതെ കളിക്കുന്നത് ആദ്യമായിട്ടാണ്.' വാർണർ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് ഓസ്ട്രേലിയ കളിക്കാനിറങ്ങുന്നത്. ആദ്യ ട്വന്റി-20യിൽ ഇംഗ്ലണ്ടിനോട് രണ്ടു റൺസിന് തോൽക്കുകയും ചെയ്തു.

Content Highlights: David Warner, cricket fans Australia vs England