സിഡ്നി: പരിക്കിനു ശേഷം ഓസീസ് ടീമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് വ്യാഴാഴ്ച അത്ര നല്ല ദിവസമായിരുന്നില്ല. എട്ടു പന്തുകള്‍ മാത്രം നേരിട്ട് വെറും അഞ്ചു റണ്‍സുമായാണ് വാര്‍ണര്‍ മടങ്ങിയത്. 

നേരത്തെ പരിക്ക് കാരണം ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയും ആദ്യ രണ്ടു ടെസ്റ്റുകളും താരത്തിന് നഷ്ടമായിരുന്നു. ഓപ്പണര്‍ ജോ ബേണ്‍സ് ടെസ്റ്റില്‍ പരാജയമായതോടെയാണ് വാര്‍ണറെ തിരികെയെത്തിക്കാന്‍ ഓസീസ് നിര്‍ബന്ധിതരായത്. 

പക്ഷേ തിരിച്ചുവരവില്‍ നിരാശപ്പെടുത്തിയ വാര്‍ണര്‍ക്കെതിരേ വാളെടുത്തിരിക്കുകയാണ് മുന്‍ താരങ്ങള്‍. മുന്‍ താരങ്ങളും കമന്റേറ്റര്‍മാരുമായ ആദം ഗില്‍ക്രിസ്റ്റും മൈക്ക് ഹസ്സിയും താരത്തിന്റെ ഫിറ്റ്‌നസിനെ ചോദ്യം ചെയ്താണ് രംഗത്തെത്തിയത്. 

വാര്‍ണറുടെ ഫുട്ട്‌വര്‍ക്ക് ഒരിക്കലും മികച്ചതായിരുന്നില്ല. പൂര്‍ണ കായികക്ഷമതയില്ലാതെയാണ് താരം കളിച്ചതെന്നതിന് തെളിവാണിതെന്നും മൈക്ക് ഹസ്സി ചൂണ്ടിക്കാട്ടി. 100 ശതമാനം ഫിറ്റ്‌നസിലേക്ക് വാര്‍ണര്‍ എത്തിയിട്ടില്ല. ഓസീസിനെ സംബന്ധിച്ച് ഇത് നല്ല സൂചനയല്ലെന്നും ഹസ്സി പറഞ്ഞു.

വാര്‍ണറുടെ വിക്കറ്റിനിടയിലെ ഓട്ടം സാധരണയുള്ളതു പോലെയായിരുന്നില്ലെന്ന് പറഞ്ഞ ഗില്‍ക്രിസ്റ്റ് വാര്‍ണര്‍ക്ക് 75 ശതമാനം മാച്ച് ഫിറ്റ്‌നസ് മാത്രം ഉള്ളതുപോലെയാണ് തോന്നിയതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം മത്സരത്തിന്റെ ആദ്യ 20 മിനിറ്റില്‍ കളിക്കാന്‍ പാടില്ലായിരുന്ന ഷോട്ടാണ് വാര്‍ണര്‍ കളിച്ചതെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മാര്‍ക്ക് വോ വിമര്‍ശിച്ചു. റണ്‍സ് നേടാന്‍ വേണ്ടി കാണിച്ച ധൃതിയാണ് വാര്‍ണര്‍ക്ക് വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: David Warner fitness questioned as former players fume at his dismissal