സിഡ്‌നി: പാകിസ്താനെതിരായ അവസാന ടെസ്റ്റില്‍ ബാറ്റിങ് വിസ്‌ഫോടനം കാഴ്ച്ചവെച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ഒരു ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു സെഷനില്‍ തന്നെ സെഞ്ചുറി നേടിയാണ് വാര്‍ണര്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ താരമായത്.

ടെസ്റ്റിന്റെ ആദ്യ ദിവസം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പ് 78 പന്തില്‍ നിന്ന് സെഞ്ചുറിയടിച്ചാണ് വാര്‍ണര്‍ റെക്കോര്‍ഡിട്ടത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഒരു ടെസ്റ്റിന്റെ ഓപ്പണിങ് സെഷനില്‍ തന്നെ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും വാര്‍ണര്‍ നേടി. 

41 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു സെഷനില്‍ തന്നെ ഒരു താരം സെഞ്ചുറി പിന്നിടുന്നത്. 1976ല്‍  കറാച്ചിയില്‍ ന്യൂസിലാന്‍ഡിനെതിരെ പാകിസ്താന്‍ താരം മജീദ് ഖാനാണ് ഇതിന് മുമ്പ് ടെസ്റ്റിന്റെ ഒന്നാം ദിനം തന്നെ ഉച്ചഭക്ഷണത്തിന് മുമ്പ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഡോണ്‍ ബ്രാഡ്മാനും ചാള്‍സ് മെക്കാര്‍ട്ടിനിയും വിക്റ്റര്‍ ട്രംപറും ഈ നേട്ടം പിന്നിട്ട താരങ്ങളാണ്.  

ഈ നേട്ടം കൈവരിച്ച താരങ്ങള്‍

David Warner (Australia) v Pakistan, Sydney, 2017
Majid Khan (Pakistan) v New Zealand, Karachi, 1976
Donald Bradman (Australia) v England, Leeds, 1930
Charles Macartney (Australia) v England, Leeds, 1926
Victor Trumper (Australia) v England, Manchester, 1902

ഉച്ചഭക്ഷണത്തിന് പിരിയാന്‍ 20 മിനുട്ട് മാത്രം ബാക്കി നില്‍ക്കെ വാര്‍ണര്‍ 86 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. പിന്നീട് അതിവേഗം ബൗണ്ടറികളിലൂടെ വാര്‍ണര്‍ സെഞ്ച്വറിയിലെത്തുകയായിരുന്നു. 17 ഫോറിന്റെ സഹായത്തോടെ 95 പന്തില്‍ 113 റണ്‍സ് നേടിയ ശേഷമാണ് വാര്‍ണര്‍ പുറത്തായത്. വബാഹ് റിയാസിന്റെ പന്തില്‍ സര്‍ഫറാസ് അഹമ്മദ് ക്യാച്ചെടുക്കുകയായിരുന്നു. തന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി കണ്ടെത്തിയ വാര്‍ണര്‍  100ല്‍ താഴെ പന്തുകള്‍ മാത്രം ചെലവഴിച്ച് നേടുന്ന നാലാമത്തെ ശതകം കൂടിയാണ്. 

ആദ്യ ദിവസത്തെ മത്സരം അവസാനിച്ചപ്പോള്‍ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 365 റണ്‍സെടുത്തിട്ടുണ്ട്. 275 പന്തില്‍ പുറത്താകാതെ 167 റണ്‍സ് നേടിയ റെന്‍ഷായും വാര്‍ണറും ഓപ്പണിങ് വിക്കറ്റില്‍ 151 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 13 റണ്‍സെടുത്ത ഉസ്മാന്‍ ക്വാജയും 24 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തും കാര്യമായ സംഭാവന നല്‍കാതെ പുറത്തായി.