കേപ്ടൗണിലെ സെഞ്ചുറിയോടെ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി മാറിയ വിരാട് കോലിയെത്തേടി അഭിനന്ദന സന്ദേശങ്ങള്‍. ക്രിക്കറ്റ് ലോകത്ത് നിന്ന് നിരവധി പേരാണ് കോലിക്ക് അഭിനന്ദനവുമായെത്തിയത്. ഇവന്‍ വേറെ ലെവല്‍ കളിക്കാരനാണെന്നായിരുന്നു ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ ട്വീറ്റ്. മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്ലും ഇതേ വാക്കുകളിലൂടെയാണ് കോലിയെ പ്രശംസിച്ചത്. 

പാകിസ്താന്റെ മുന്‍ നായകനായ ജാവേദ് മിയാന്‍ദാദും ഇന്ത്യന്‍ നായകനെ പ്രശംസിച്ചു. കോലി പ്രതിഭയാണെന്നും ഇപ്പോള്‍ ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍ അദ്ദേഹമാണെന്നുമായിരുന്നു മിയാന്‍ദാദ് പ്രതികരിച്ചത്. ഒരു പാക് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മിയാന്‍ദാദിന്റെ പ്രതികരണം.

കോലിയുടെ 160 റണ്‍സ് ഇന്ത്യക്ക് ആധികാരിക വിജയമാണ് സമ്മാനിച്ചത്. സമ്മര്‍ദമുള്ളതും ബുദ്ധിമുട്ടേറിയതുമായ സന്ദര്‍ഭങ്ങളില്‍ ടീമിനെ കൈപിടിച്ച് കയറ്റുന്നതാണ് കോലിയുടെ മികവ്. ഒരിന്നിങ്‌സില്‍ മാത്രം റണ്‍സ് നേടുന്നവനല്ല കോലി. എപ്പോഴൊക്കെ ക്രീസില്‍ വന്നാലും റണ്‍സ് ഒഴുകുന്നതു കാണാം. ബൗളര്‍മാരുടെ മികവും ബലഹീനതയും പെട്ടെന്ന് തിരിച്ചറിയാനുള്ള കഴിവ് കോലിക്കുണ്ട്. മിയാന്‍ദാദ് ചൂണ്ടിക്കാട്ടി. 

സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ്, വി.വി.എസ് ലക്ഷ്മണ്‍, കരുണ്‍ നായര്‍, യൂസുഫ് പഠാന്‍, മുരളി വിജയ് എന്നീ താരങ്ങളും കോലിയുടെ സെഞ്ചുറി പ്രകടനത്തെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തു. 

Content Highlihts: David Warner And Other Cricket Players Lauds Virat Kohli After 34th Century