ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ കളിക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റം അന്വേഷിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഡര്‍ബനില്‍ നടന്ന ടെസ്റ്റിനിടെ ഓസ്ട്രേലിയയുടെ ഉപനായകന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും തമ്മിലാണ് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായത്. 

ചായക്ക് പിരിഞ്ഞ ശേഷം ഡ്രസ്സിങ് റൂമിലേക്ക് വരുന്നതിനിടയില്‍ ഡി കോക്കിനോട് വാഗ്വാദത്തിൽ ഏർപ്പെട്ട വാര്‍ണറെ സഹതാരങ്ങള്‍ പിടിച്ചുമാറ്റുകയായിരുന്നു. ഉന്തും തള്ളുമായപ്പോള്‍ ഉസ്മാന്‍ ഖ്വാജ ആദ്യം വാര്‍ണറെ പിടിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ ഡി കോക്കിനെ വീണ്ടും വാര്‍ണര്‍ ആക്രമിക്കാന്‍ തുനിഞ്ഞു. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് വാര്‍ണറെ പിടിച്ചുവലിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ നഥാന്‍ ലിയോണും ഡി കോക്കും തമ്മിലും വാക്കുതര്‍ക്കമുണ്ടായി.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ മത്സരത്തിന്റെ ആദ്യ സെഷനില്‍ എബി ഡിവില്ലിയേഴ്‌സ് റണ്ണൗട്ടായപ്പോള്‍ വാര്‍ണര്‍ അമിതമായ ആഘോഷപ്രകടനം നടത്തിയിരുന്നു. ഡിവില്ലിയേഴ്‌സിനൊപ്പം ക്രീസിലുണ്ടായിരുന്ന ബാറ്റ്‌സ്മാന്‍ മാര്‍ക്രത്തിനെയും അസഭ്യം പറഞ്ഞാണ് വാര്‍ണര്‍ റണ്ണൗട്ട് ആഘോഷിച്ചത്. സംഭവത്തെ തുടര്‍ന്ന് വാര്‍ണറെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഗ്രേം സ്മിത്ത് രംഗത്തെത്തിയിട്ടുണ്ട്. ചില സമയത്ത് വാര്‍ണര്‍ വിഡ്ഢിയെപ്പോലെയാണെന്നും അവനെ അങ്ങനെ വിഡ്ഢിയാകാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നുമായിരുന്നു സ്മിത്തിന്റെ പരിഹാസം. 

Content Highlights: David Warner and De Kock Exchange Verbal Volleys