ശ്രീലങ്കയ്ക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ഡേവ് വാട്ട്‌മോര്‍ കേരളത്തിന്റെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കും. കേരള ക്രിക്കറ്റ് അസോസിയേഷനും വാട്ട്‌മോറും ഇതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഈ മാസം 22ന് വാട്ട്‌മോറുമായി കരാര്‍ ഒപ്പിടുമെന്ന് കെ.സി.എ. സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ഇതാദ്യമായാണ് കേരള ടീമിനെ ഒരു വിദേശി പരിശീലിപ്പിക്കുന്നത്.

മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് നിലവിലെ കേരളത്തിന്റെ രഞ്ജി പരിശീലകന്‍. ടിനുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സീസണില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനാവാത്തതിനെ തുടര്‍ന്നാണ് കെ.സി.എ. പുതിയ പരിശീലികനെ തേടിയത്. കഴിഞ്ഞ കുറച്ചു കാലമായി കെ.സി. എ. വാട്ട്‌മോറുമായുള്ള ചര്‍ച്ചകളിലായിരുന്നു. ഇക്കഴിഞ്ഞ മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിനിടെ വാട്ട്‌മോര്‍ കേരളത്തിന്റെ കളിക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

ഓസ്‌ട്രേലിയക്കുവേണ്ടി ഏഴ് ടെസ്റ്റ് കളിച്ച വാട്ട്‌മോര്‍ 1996ലെ ലോകകപ്പാണ് ശ്രീലങ്കയ്ക്ക് നേടിക്കൊടുത്തത്. തുടര്‍ന്ന് ബംഗ്ലാദേശ്, പാകിസ്താന്‍, സിംബാബ്‌വെ ടീമുകളെയും പരിശീലിപ്പിച്ചു. വാട്ട്‌മോറിന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ ഏഷ്യാ കപ്പ് നേടിയിരുന്നു. അതിനുശേഷം സിംബാബ്‌വെയെ പരിശീലിപ്പിച്ചെങ്കിലും കരാര്‍ അവസാനിക്കാന്‍ ഒന്‍പത് മാസം ശേഷിക്കെ കഴിഞ്ഞ വര്‍ഷം മെയില്‍ പുറത്താക്കുകയായിരുന്നു.

ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും പരിശീലകനായും പരിഗണിക്കപ്പെട്ടിരുന്നു. 2009 മുതല്‍ 2012 വരെ ഐ.പി.എല്‍. ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരിശീലിപ്പിച്ചു.