കാന്‍ബറ: ലെഗ് ബിഫോര്‍ വിക്കറ്റ് എന്നതാണ് ക്രിക്കറ്റില്‍ എല്‍.ബി.ഡബ്ല്യു എന്നതിന്റെ പൂര്‍ണ രൂപം. അതായത് വിക്കറ്റിലേക്കു വരുന്ന പന്തിന് തടസമായി ബാറ്റ്‌സ്മാന്റെ കാല്‍ വന്നാല്‍ ഔട്ട് വിളിക്കുന്ന രീതി. എന്നാല്‍ ഇത്തരത്തില്‍ വിക്കറ്റിലേക്കു വരുന്ന പന്തിനു മുന്നില്‍ ബാറ്റ്‌സ്മാന്റെ തോള്‍ വന്നാല്‍ ഔട്ട് വിളിക്കുമോ? ചോദ്യം മൂന്‍ ഓസ്‌ട്രേലിയന്‍ അമ്പയര്‍ ഡാരില്‍ ഹാര്‍പ്പറിനോടാണെങ്കില്‍ ''ഉറപ്പായും വിളിച്ചിരിക്കും'' എന്നായിരിക്കും ഉത്തരം.

1999-ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ തോളിലിടിച്ച ഗ്ലെന്‍ മഗ്രാത്തിന്റെ പന്തില്‍ സച്ചിനെ എല്‍.ബി.ഡബ്ല്യു വിധിച്ച് പുറത്താക്കിയത് ഹാര്‍പ്പറായിരുന്നു. അന്ന് ക്രിക്കറ്റ് ലോകത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ തീരുമാനമായിരുന്നു ഹാര്‍പ്പറുടെ 'ഷോള്‍ഡര്‍ ബിഫോര്‍ വിക്കറ്റ്'. ഇപ്പോഴിതാ സച്ചിനെ അന്ന് പുറത്താക്കിയ തീരുമാനത്തില്‍ തന്നെ താന്‍ ഇന്നും ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

അടുത്തിടെയാണ് അമ്പയറിങ് കരിയറിനിടെ സച്ചിനെ തെറ്റായ തീരുമാനത്തില്‍ പുറത്താക്കിയിട്ടുണ്ടെന്ന് ജമൈക്കന്‍ അമ്പയര്‍ സ്റ്റീവ് ബക്‌നര്‍ തുറന്നുസമ്മതിച്ചിരുന്നത്. സച്ചിനെ പലപ്പോഴായി തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലെ കരടായി മാറിയ അമ്പയറായിരുന്നു ബക്‌നര്‍. 2008-ല്‍ സിഡ്‌നിയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ തോറ്റതിന് താനാണ് ഉത്തരവാദി എന്നും ബക്‌നര്‍ ഏറ്റു പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് 1999-ലെ ഏറെ വിവാദമായ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഹാര്‍പ്പര്‍ പറയുന്നത്.

Daryl Harper still believes that Sachin shoulder before wickets was a correct decision
ഡാരില്‍ ഹാര്‍പ്പര്‍

1999 അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു സംഭവം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 441 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 285 റണ്‍സില്‍ അവസാനിച്ചു. എട്ടിന് 239 എന്ന നിലയില്‍ ഓസീസ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യയുടെ വിജയലക്ഷ്യം 396 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ തകരുന്നതിനിടെയാണ് തോളിലിടിച്ച പന്തില്‍ ഹാര്‍പ്പര്‍ സച്ചിനെ പുറത്താക്കിയത്. ബൗണ്‍സറെന്ന് കരുതിയ മഗ്രാത്തിന്റെ പന്തില്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച സച്ചിന്റെ തോളില്‍ പന്ത് തട്ടുകയായിരുന്നു. ഓസീസ് താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തു. ഹാര്‍പ്പറാകട്ടെ കാര്യമായൊന്നും ആലോചിക്കാതെ തന്നെ വിരലുര്‍ത്തി.

ഈ തീരുമാനം അന്ന് ഏറെ വിവാദമാകുകയും ചെയ്തു. കടുത്ത വിമര്‍ശനങ്ങളാണ് ഇതിന്റെ പേരില്‍ ഹാര്‍പ്പര്‍ക്ക് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഹാര്‍പ്പര്‍ അന്നത്തെ തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് തുറന്നുപറഞ്ഞത്. ഭയമോ പക്ഷപാതമോ ഇല്ലാതെ അത് ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''എല്ലാ ദിവസവും അന്നത്തെ ആ തീരുമാനത്തെ കുറിച്ച് ഞാന്‍ ഓര്‍ക്കാറുണ്ട്. എന്നാല്‍ അതെന്റെ ഉറക്കം കെടുത്തുകയോ ദുസ്വപ്‌നങ്ങള്‍ കാണിക്കുകയോ എപ്പോഴും തലച്ചോറിലൂടെ ഓടിക്കളിക്കുകയോ ഒന്നും ചെയ്യാറില്ല. ആ സംഭവത്തിന്റെ ഒരു ചിത്രം ഇന്നും എന്റെ ഗാരേജിലുണ്ട്. ഇന്നും ഞാന്‍ അന്നത്തെ ആ തീരുമാനത്തില്‍ അഭിമാനിക്കുന്നു. കാരണം പേടിയോ പക്ഷപാതമോ ഇല്ലാതെയാണ് ഞാനന്ന് ആ എല്‍.ബി.ഡബ്ല്യു വിധിച്ചത്.'' - ഹാര്‍പ്പര്‍ പറഞ്ഞു.

സച്ചിന്‍ പോലും അന്നത്തെ ആ പുറത്താകല്‍ ശരിയായിരുന്നുവെന്ന് വിശ്വസിച്ചിരുന്നുവെന്നും ഹാര്‍പ്പര്‍ ചൂണ്ടിക്കാട്ടി. ''2018 ഡിസംബറിലെ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഉച്ചഭക്ഷണ സമയത്ത് ഞാന്‍ ഇന്ത്യന്‍ സെലക്ടറായിരുന്ന എം.എസ്.കെ പ്രസാദിനെ കണ്ടുമുട്ടിയിരുന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അതേ സുന്ദരമായ മൈതാനത്ത് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയത്. 1999-ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. സച്ചിനും അത് ഔട്ടാണെന്നു തന്നെയാണ് വിശ്വസിച്ചതെന്ന് പ്രസാദ് അന്ന് പറഞ്ഞു. ശരിക്കും അതൊരു അസാധാരണമായ പുറത്താകലായിരുന്നു. ഇത്രയും വര്‍ഷത്തിനിടെ പിന്നീട് അത്തരമൊരു പുറത്താകല്‍ കണ്ടിട്ടേയില്ല. പക്ഷേ ആ തീരുമാനം ശരിയായിരുന്നുവെന്നു തന്നെയാണ് ഇന്നും ഞാന്‍ വിശ്വസിക്കുന്നത്.'' - ഹാര്‍പ്പര്‍ വ്യക്തമാക്കി.

Content Highlights: Daryl Harper still believes that Sachin shoulder before wickets was a correct decision