കിങ്സ്റ്റണ്‍: തന്നെ വംശീയമായി അധിക്ഷേപിച്ചവര്‍ നേരിട്ട് വിളിക്കണമെന്നും അല്ലെങ്കില്‍ അവരുടെ പേരുകള്‍ പുറത്തുവിടുമെന്നും ഭീഷണി മുഴക്കിയ വിന്‍ഡീസ് താരം ഡാരെന്‍ സമിയെ തേടി ഒടുവില്‍ സഹതാരത്തിന്റെ വിളിയെത്തി. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്നതിനിടെ തന്നെയും ശ്രീലങ്കന്‍ താരം തിസാര പെരേരയേയും സഹതാരങ്ങളും കാണികളും 'കാലു' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി ദിവസങ്ങള്‍ക്കു മുമ്പാണ് സമി വെളിപ്പെടുത്തിയത്.

ചിലര്‍ തന്നെ വിളിച്ചിരുന്ന ഒരു വാക്ക് താനുദ്ദേശിച്ച തരത്തിലായിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് കണ്ടെത്തിയത്. അതിനാല്‍ ആ പേരുകള്‍ വെളിപ്പെടുത്തും മുമ്പ് അത്തരം ആളുകള്‍ തന്നെ ബന്ധപ്പെടണമെന്നും ആ വാക്കിന് സ്നേഹത്തോടെയുള്ള മറ്റൊരു അര്‍ഥം കൂടിയുണ്ടെന്ന് തന്നെ ബോധ്യപ്പെടുത്തണമെന്നും സമി പിന്നീട് ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് സമിയുടെ സഹതാരങ്ങളിലൊരാള്‍ അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടത്. ഇക്കാര്യം സമി തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 'സഹതാരങ്ങളില്‍ ഒരാളുമായി ഞാന്‍ രസകരമായ സംഭാഷണത്തില്‍ ഏര്‍പ്പെട്ട കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. കാര്യങ്ങളുടെ നെഗറ്റീവ് വശം കാണുന്നതിനു പകരം ഇത്തരം അധിക്ഷേപങ്ങള്‍ തടയാന്‍ ആളുകളെ ഏതു തരത്തില്‍ ബോധവല്‍ക്കരിക്കാം എന്നാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. അത് സ്‌നേഹം കൊണ്ടുള്ള വിളിയായിരുന്നുവെന്ന് എന്റെ സഹോദരന്‍ എനിക്ക് ഉറപ്പ് നല്‍കി. ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു', സമി ട്വിറ്ററില്‍ കുറിച്ചു. അതേസമയം വിളിച്ചത് ആരെന്ന് സമി വെളിപ്പെടുത്തിയിട്ടില്ല. എവിടെ നിന്നാണ് ഫോണ്‍ വന്നതെന്നും.

Darren Sammy says he had conversation with one of the guys who he had accused of using racist jibe

ഇന്ത്യന്‍ - അമേരിക്കന്‍ കൊമേഡിയനായ ഹസന്‍ മിനാജിന്റെ ഒരു ഷോ കണ്ടപ്പോഴാണ് 'കാലു' എന്ന വാക്കിന്റെ അര്‍ഥം തനിക്ക് മനസിലായതെന്നും സമി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നാട്ടില്‍ കറുത്ത ആളുകളെ വിളിച്ചിരുന്ന വാക്കുകളുടെ കൂട്ടത്തില്‍ ഈ വാക്കും ഉണ്ടായിരുന്നു. ആ സമയത്താണ് 2013-14 കാലത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ചിരുന്ന സമയത്ത് ചിലര്‍ തന്നെ ആ വാക്ക് വിളിച്ചത് ഓര്‍മ വന്നത്. കറുത്ത വര്‍ഗക്കാരെ അധിക്ഷേപിക്കുന്ന വാക്കായിരുന്നു അത്. 

അര്‍ഥമറിഞ്ഞപ്പോള്‍ തനിക്ക് കടുത്ത ദേഷ്യമാണ് തോന്നിയതെന്നും സമി പറഞ്ഞു. ''വിളിച്ചവര്‍ക്കറിയാമല്ലോ അത് ആരൊക്കെയാണെന്ന്. അവര്‍ക്കെല്ലാം ഞാന്‍ പ്രത്യേകം മെസേജ് അയക്കുന്നുണ്ട്. അന്ന് ആ പേര് വിളിക്കുമ്പോള്‍ അതിന്റെ അര്‍ഥമെന്താണെന്ന് എനിക്കറിയില്ലായിരുന്നു. അന്നെനിക്കത് പ്രശ്നമല്ലായിരുന്നു. കാരണം അന്ന് എനിക്ക് അര്‍ഥമറിയില്ലായിരുന്നല്ലോ'', സമി കൂട്ടിച്ചേര്‍ത്തു.

ഓരോ തവണയും തന്നെയും പെരേരയേയും ആ പേര് വിളിക്കുമ്പോള്‍ ചുറ്റും ചിരികള്‍ ഉയരാറുണ്ടെന്നും സമി ഓര്‍ക്കുന്നു. ടീം അംഗങ്ങളെല്ലാം സന്തോഷിക്കുന്നത് കണ്ടതിനാല്‍ അത് എന്തെങ്കിലും തമാശയായിരിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും സമി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായ ഇഷാന്ത് ശര്‍മ, സമി ടീമില്‍ കളിച്ചിരുന്ന കാലത്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തില്‍ 'കാലു' എന്നാണ് താരത്തെ വിശേഷിപ്പിച്ചിരിക്കുന്ന കാര്യം ആരാധകര്‍ പൊക്കിയെടുത്തിരുന്നു. ഇഷാന്തും ഭുവനേശ്വര്‍ കുമാറും സമിയും ഡെയ്ല്‍ സ്റ്റെയ്നും ചേര്‍ന്നുള്ള ചിത്രത്തിന് 'ഞാനും ഭുവിയും കാലുവും പിന്നെ ഗണ്‍ സണ്‍റൈസേഴ്സും' എന്നാണ് ഇഷാന്ത് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

യു.എസില്‍ പൊലീസിന്റെ പീഡനത്തിന് ഇരയായി കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെ വര്‍ണവെറിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐ.പി.എല്ലിനിടെ താനും വംശീയാധിക്ഷേപത്തിന് ഇരയായതായി സമി വെളിപ്പെടുത്തിയത്.

Content Highlights: Darren Sammy says he had conversation with one of the guys who he had accused of using a potentially racist jibe