മുംബൈ: ഇന്ത്യയില്‍ ഐ.പി.എല്‍ കളിക്കുന്ന സമയത്ത് താന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടെന്ന വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ സമിയുടെ ആരോപണത്തോട് പ്രതികരിച്ച് അന്ന് അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്ന ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥിവ് പട്ടേല്‍, വേണുഗോപാല്‍ റാവു തുടങ്ങിയവര്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്ന സമയത്ത് തന്നെയും ശ്രീലങ്കന്‍ താരം തിസാര പെരേരയേയും കാണികള്‍ 'കാലു' എന്നു വിളിച്ച് അധിക്ഷേപിച്ചെന്നായിരുന്നു സമിയുടെ ആരോപണം. ഈ വാക്കിന് മോശം അര്‍ഥമാണെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്നും സമി പറഞ്ഞിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം കുറിച്ചത്. 2013, 2014 ഐ.പി.എല്‍ സീസണിലായി സണ്‍റൈസേഴ്‌സിനായി 26 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് സമി.

എന്നാല്‍ സമിക്കെതതിരേ വംശീയാധിക്ഷേപം നടന്നതായി അറിയില്ലെന്നാണ് ഇര്‍ഫാനും പാര്‍ഥിവും റാവുവും പ്രതികരിച്ചിരിക്കുന്നത്.''2014-ല്‍ അവനൊപ്പം (സമി) ഞാനുമുണ്ടായിരുന്നു. അന്ന് ഇത്തരത്തില്‍ ഒരു സംഭവം നടന്നിരുന്നെങ്കില്‍ അത് തീര്‍ച്ചയായും ചര്‍ച്ചയാകുമായിരുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകളൊന്നും തന്നെ നടക്കാതിരുന്ന സാഹചര്യത്തില്‍ അങ്ങനെ ഒന്ന് സംഭവിച്ചോ എന്ന കാര്യം എനിക്ക് അറിയില്ല. പക്ഷേ നമ്മുടെ ആളുകളെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണ്, കാരണം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ ഇത്തരം അധിക്ഷേപ പദങ്ങള്‍ ഉപയോഗിക്കുന്നവരെ കണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള താരങ്ങളെ ഉത്തരേന്ത്യയിലും മറ്റു ഭാഗങ്ങളിലും പരിഹസിക്കുന്നത് പതിവാണ്. ആരുടെയും പേരൊന്നും ഞാന്‍ പറയുന്നില്ല. ജനക്കൂട്ടത്തിനിടയില്‍ നിന്ന് ആരെങ്കിലും ആളാകാന്‍ ശ്രമിക്കുന്നതാണിത്. ആളുകളെല്ലാം വര്‍ണവെറിയന്‍മാരാണെന്ന് അതിന് അര്‍ഥമില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ ആളാകാന്‍ തമാശയ്ക്കു പറയുന്നതാണ്. പക്ഷേ. അതു പലപ്പോഴും പരിധി വിട്ടുപോകും'', ഇര്‍ഫാന്‍ പത്താന്‍ പ്രതികരിച്ചു.

സമിക്കെതിരേ ആരെങ്കിലും ഇത്തരം മോശം വാക്കുകള്‍ പ്രയോഗിച്ചതായി അറിയില്ലെന്ന് പാര്‍ഥിവ് പട്ടേലും പ്രതികരിച്ചു. അത്തരത്തിലൊന്ന് താന്‍ കേട്ടിട്ടുപോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമിയെ കാണികള്‍ അത്തരത്തില്‍ കളിയാക്കിയതായി അറിയില്ലെന്നാണ് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ കൂടിയായ വേണുഗോപാല്‍ റാവു പ്രതികരിച്ചത്.

യു.എസില്‍ പോലീസിന്റെ പീഡനത്തിന് ഇരയായ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് മരിച്ചതിന് പിന്നാലെ വര്‍ണവെറിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതില്‍ സമിയും പങ്കാളിയായിരുന്നു. വര്‍ണവെറിക്കെതിരായ പോരാട്ടത്തില്‍ ഐ.സി.സിയുടേയും മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളുടേയും പിന്തുണയും സമി തേടിയിരുന്നു. വംശീയ പ്രശ്‌നങ്ങളോടുള്ള നിശബ്ദത അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡുകളും കൊലയാളികള്‍ക്കൊപ്പമാണെന്ന് കരുതേണ്ടി വരുമെന്നും സമി വ്യക്തമാക്കിയിരുന്നു.

Content Highlights: Darren Sammy’s teammates Irfan Pathan, Parthiv Patel reacts on his racism allegations during IPL