കിങ്സ്റ്റൺ: കറുത്ത വർഗക്കാരായ ക്രിക്കറ്റ് താരങ്ങളുടെ വിജയങ്ങൾ നിയന്ത്രിക്കുന്നതിനാണ് കളിയിൽ ബൗൺസറുകൾ കുറയ്ക്കുന്നതിന് നിയമം കൊണ്ടുവന്നതെന്ന് വെസ്റ്റിൻഡീസിന്റെ മുൻ ക്യാപ്റ്റൻ ഡാരൻ സമി. നേരത്തെ ബൗളർമാർക്ക് എത്ര വേണമെങ്കിലും ബൗൺസറുകൾ എറിയാമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഓവറിൽ രണ്ടു ബൗൺസറുകൾ മാത്രമാണ് അനുവദിക്കുന്നത്-സമി വ്യക്തമാക്കുന്നു. അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നതെന്നും ഒരുപക്ഷേ തന്റെ ഈ കാഴ്ച്ചപ്പാട് തെറ്റായിരിക്കാമെന്നും സമി പറയുന്നു.

'ഫയർ ഇൻ ബബ്ലിയോൺ' എന്ന ഡോക്യുമെന്ററിയെ അടിസ്ഥാനപ്പെടുത്തിയാണ് സമി സംസാരിച്ചത്. 1970കളിലേയും 1980കളിലേയും വെസ്റ്റിൻഡീസ് ടീമിന്റെ വിജയത്തെ കുറിച്ച് പറയുന്നതാണ് ഈ ഡോക്യുമെന്ററി. കോട്നി വാൽഷ്, ജോയൽ ഗാർനർ, പാട്രിക് പാറ്റേർസൻ, ആൻഡി റോബർട്സ്, മൈക്കൽ ഹോൾഡിങ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ മികവിൽ കരുത്തരായിരുന്നു വെസ്റ്റിൻഡീസ്. എത്ര മികച്ച ബാറ്റിങ് നിരയേയും പേസും ബൗൺസറും ഉപയോഗിച്ച് നിയന്ത്രിക്കാൻ വിൻഡീസിന് കഴിയുമായിരുന്നു. ആദ്യ രണ്ടു ലോകകപ്പുകളിലും വിജയികളായ വെസ്റ്റിൻഡീസ് 1983-ൽ ഫൈനലിലുമെത്തി.

എന്നാൽ 1991-ൽ ബൗൺസറുകൾ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നു. ഒരു ഓവറിൽ ഒരു ബൗൺസർ മാത്രമായിരുന്നു അനുവദനീയം. എന്നാൽ 1994 മുതൽ രണ്ട് ബൗൺസറുകൾ എറിയാൻ അനുമതി നൽകി. 2001-ൽ വീണ്ടും ഒരു ബൗൺസർ എന്നു നിയമം മാറ്റിയെങ്കിലും 2012-ൽ രണ്ടു ബൗൺസർ എറിയാൻ വീണ്ടും അനുമതി നൽകി.

അതേസമയം ബാറ്റ്സ്മാൻമാരെ പേടിപ്പെടുത്തുന്ന ബൗളിങ്ങിന് ഉടമകളായ ഓസീസ് പേസർമാരായ ജെഫ് തോംസണിന്റെയും ഡെന്നീസ് ലില്ലിയുടേയും കാലത്ത് ഈ നിയമം ഇല്ലായിരുന്നെന്നും എന്നാൽ വിൻഡീസ് ബൗളർമാർ ഈ രീതി ഉപയോഗിച്ചപ്പോഴാണ് ക്രിക്കറ്റിൽ പുതിയ നിയമം കൊണ്ടുവന്നതെന്നും സമി ആരോപിച്ചു. എന്നാൽ സമിയുടെ ആരോപണത്തിൽ ഐ.സി.സിയോ മറ്റു ക്രിക്കറ്റ് താരങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

content highlights: Darren Sammy on Introduction of Bouncer Rule in Cricket