ലാഹോർ: ഇന്ത്യയുടെ യുവനിര ശ്രീലങ്കൻ പര്യടനത്തിനുള്ള ഒരുക്കത്തിലാണ്. സീനിയർ താരങ്ങളുടെ അഭാവത്തിൽ ലങ്കയിലേക്ക് പോകുന്ന ടീമിന്റെ ക്യാപ്റ്റനായി പരിഗണനയിലുള്ള താരങ്ങൾ ശിഖർ ധവാനും ഭുവനേശ്വർ കുമാറുമാണ്. എന്നാൽ, മലയാളി താരം സഞ്ജു സാംസൺന്റെ പേര് നിർദേശിക്കുകയാണ് പാകിസ്താന്റെ മുൻതാരം ഡാനിഷ് കനേരിയ.

'ശ്രീലങ്കൻ പര്യടനത്തിൽ ധവാൻ ക്യാപ്റ്റനായേക്കും. എന്നാൽ എന്നോട് ചോദിച്ചാൽ ഞാൻ സഞ്ജുവിന്റെ പേര് നിർദേശിക്കും. നമ്മൾ തയ്യാറെടുക്കേണ്ടത് ഭാവി മുന്നിൽകണ്ടാണ്.' കനേരിയ പറയുന്നു.

കോലിക്ക് പകരം മറ്റൊരാളെ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിനാൽ ഞാൻ സഞ്ജുവിനെ നിർദേശിക്കുന്നു. എന്നാൽ, ധവാൻ ക്യാപ്റ്റൻസിയിൽ ശക്തനായ എതിരാളിയാണ്. വൈറ്റ്ബോളിൽ ഇന്ത്യയുടെ സീനിയർ താരമാണ് ധവാൻ. എന്നാൽ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൂടുതൽകാലം ആശ്രയിക്കാൻ കഴിയുന്ന വ്യക്തിയല്ല. സഞ്ജുവിന് തെറ്റുകൾ തിരുത്താനും തയ്യാറെടുക്കാനും വേണ്ടത്ര സമയമുണ്ട്. കനേരിയ ചൂണ്ടിക്കാട്ടുന്നു.

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ. സീസണിൽ ഏഴു മത്സരങ്ങൾ രാജസ്ഥാൻ കളിച്ചപ്പോൾ നാല് തോൽവിയും മൂന്നു ജയവുമാണ് സമ്പാദ്യം.

Content Highlights: Danish Kaneria backs Sanju Samson Cricket