ബംഗളൂരു: ഐപിഎല്‍ 15ാം സീസണില്‍ വിരാട് കോലി ആര്‍.സി.ബിയുടെ നായക സ്ഥാനത്ത് ഉണ്ടാകില്ല. കഴിഞ്ഞ സീസണില്‍ തന്നെ നായകസ്ഥാനം ഒഴിയുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ആര്‍സിബി നായകസ്ഥാനവും കോലി ഒഴിഞ്ഞത്.  15ാം സീസണില്‍ കോലിക്ക് പകരം ആര്‍സിബിയെ ആര് നയിക്കണമെന്ന തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ടീമിന്റെ മുന്‍ പരിശീലകനായിരുന്ന ഡാനിയല്‍ വെട്ടോറി. 

കോലിക്ക് പുറമേ അടുത്ത സീസണിലേക്കായി ബാംഗ്ലൂര്‍ ടീം നിലനിര്‍ത്തിയ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ നായകനായി എത്തണമെന്നാണ് വെട്ടോറിയുടെ അഭിപ്രായം. ഒരു നായകനെ കൂടി മുന്നില്‍ക്കണ്ടാകുമല്ലോ താരങ്ങളെ നിലനിര്‍ത്തുകയെന്നും മാക്‌സ്‌വെല്ലിന് മുന്‍പ് ബിബിഎല്ലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ നയിച്ച അനുഭവസമ്പത്തുണ്ടെന്നും വെട്ടോറി ചൂണ്ടിക്കാണിച്ചു. തന്റെ അഭിപ്രായത്തില്‍ മാക്‌സിയാണ് കോലിയുടെ പിന്‍ഗാമിയായി എത്തേണ്ടതെന്നും മുന്‍ കിവീസ് നായകന്‍ അഭിപ്രായപ്പെട്ടു.

കോലിക്കും മാക്‌സ്‌വെല്ലിനും പുറമേ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനേയും ആര്‍സിബി 15ാം സീസണിലേക്കായി നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിലെത്തിയ മാക്‌സി 15 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധ സെഞ്ച്വറികളുള്‍പ്പെടെ 513 റണ്‍സ് അടിച്ച് കൂട്ടിയിരുന്നു. കോലിയും മാക്‌സ്‌വെല്ലും ചേര്‍ന്നുള്ള കൂട്ടുകെട്ട് ടീമിന് ഗുണം ചെയ്യുമെന്നും വെട്ടോറി അഭിപ്രായപ്പെട്ടു. ഒരു പക്ഷേ ഒരേ ഒരു സീസണിലേക്ക് മാത്രമായിരിക്കാം മാക്‌സവെല്‍ ടീമിനെ നയിക്കുകയെന്നും വെട്ടോറി പറയുന്നു.

Content Highlights: daniel vettori predicts who will replace virat kohli as rcb skipper