സിഡ്‌നി: വിചിത്ര സംഭവങ്ങള്‍ക്ക് അവസാനമില്ലാതെ ഇത്തവണത്തെ ബിഗ് ബാഷ് ലീഗ്. കഴിഞ്ഞ ദിവസം പെര്‍ത്ത് സ്‌കോച്ചേഴ്സും മെല്‍ബണ്‍ റെനഗേഡ്സും തമ്മില്‍ നടന്ന മത്സരത്തില്‍ സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ തട്ടിയ പന്തില്‍ സിക്‌സ് അനുവദിച്ചതിനു പിന്നാലെ മത്സരത്തിനിടയിലെ ഒരു ക്യാച്ചിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

സിഡ്‌നി സിക്‌സേഴ്‌സും പെര്‍ത്ത് സ്‌കോച്ചേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ സിക്സേഴ്സിന്റെ ഡാനിയല്‍ ഹ്യൂസിന്റേതായിരുന്നു ഈ തകര്‍പ്പന്‍ ക്യാച്ച്. സിഡ്നി സിക്സേഴ്സിന്റെ ഹ്യൂസ് വില്യം ബൊസിസ്റ്റോയെയാണ് ഉഗ്രന്‍ ക്യാച്ചിലൂടെ ഹ്യൂസ് പുറത്താക്കിയത്. 

സീന്‍ ആബോട്ട് എറിഞ്ഞ 17-ാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. ബൊസിസ്റ്റോ അടിച്ചുയര്‍ത്തിയ പന്ത് പിടിക്കാന്‍ ചാടിയ ഹ്യൂസിന്റെ കയ്യില്‍ തട്ടി പന്ത് പിറകോട്ട്, എന്നാല്‍ നിലത്തു പതിക്കും മുന്‍പ് ഹ്യൂസ് പന്തിനെ തന്റെ ഇടം കയ്യില്‍ ഭദ്രമാക്കി. 

മത്സരത്തില്‍ സിഡ്‌നി സിക്‌സേഴ്‌സ് 17 റണ്‍സിന് വിജയിച്ചു. സിഡ്‌നി സിക്‌സേഴ്‌സ് 164 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനു എട്ടിന് 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഡാനിയല്‍ ഹ്യൂസ്  മത്സരത്തില്‍ 44 പന്തില്‍ നിന്ന് 62 റണ്‍സെടുത്തു. ജോര്‍ദാന്‍ സില്‍ക്ക് 67 റണ്‍സ് നേടി.

Content Highlights: daniel hughes wonder catch