പന്തെറിയുന്ന കാലത്ത് ബാറ്റ്സ്മാന്മാരുടെ ഉൾക്കിടിലമായിരുന്നു ദക്ഷിണാഫ്രിക്കൻ പേർ ഡെയ്ൽ സ്റ്റെയ്ൻ. എന്നാൽ, തനിക്ക് കരിയറില്‍ ഏറ്റവുമധികം ഉള്‍ക്കിടിലം സമ്മാനിച്ച നിമിഷം ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല ദക്ഷിണാഫ്രിക്കയുടെ പഴയ തീപ്പൊരി പേസര്‍ക്ക്. അത് 2006ലെ പരമ്പരയില്‍ ആന്‍ഡ്രെ നെല്ലിനെതിരായ ശ്രീശാന്തിന്റെ സിക്‌സര്‍ തന്നെ. ശ്രീശാന്തിന്റെ ആ സിക്‌സും പിന്നീടുള്ള ബാറ്റ് വീശിക്കൊണ്ടുള്ള ആഘോഷനൃത്തവും അക്ഷാര്‍ഥത്തില്‍ ഐതിഹാസികം തന്നെയാണ് ഇ എസ്പി.എന്‍ ക്രിക്ക് ഇന്‍ഫോയുമായുള്ള ട്വിറ്റര്‍ ചാറ്റില്‍ സ്‌റ്റെയ്ന്‍ പറഞ്ഞു. ഓരോ തവണ ഓർക്കുമ്പോഴും ഉള്‍ക്കിടിലം നല്‍കുന്ന താരവും ഷോട്ടും ഏതാണ് എന്നതായിരുന്നു ചോദ്യം. മൂന്ന് ടെസ്റ്റുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 123 റണ്‍സിന്റെ ചരിത്രവിജയമാണ് സ്വന്തമാക്കിയത്. പിന്നീടുള്ള രണ്ട് ടെസ്റ്റിലും തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി.

രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ടീം അന്നേവരെ ഒരു ടെസ്റ്റ് ജയിക്കാത്ത ദക്ഷിണാഫ്രിക്കൻ മണ്ണിലെത്തിയത്. 2003ലെ ലോകകപ്പ് ഫൈനലില്‍ തോറ്റ ജൊഹാനസ്ബര്‍ഗിലായിരുന്നു ഒന്നാം ടെസ്റ്റ്. ഇന്ത്യ ആദ്യം 249 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക മറുപടിയായി 89 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ലീഡ് നാന്നൂറിലേയ്ക്ക് അടുക്കുമ്പോഴാണ് അവസാന വിക്കറ്റില്‍ ശ്രീശാന്തും വി.ആര്‍.വി.സിങും ക്രീസില്‍ ഒത്തുചേര്‍ന്നത്. നെല്‍ അറുപത്തിനാലാം ഓവര്‍ എറിയാന്‍ വരുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ നില്‍ക്കുകയായിരുന്നു ശ്രീശാന്ത്. ആദ്യ പന്തില്‍ റണ്ണൊന്നും നേടാനായില്ല ശ്രീയ്ക്ക്. രണ്ടാമത്തെ പന്തെറിയാന്‍ വന്നപ്പോള്‍ നെല്‍ തുറുപ്പുചീട്ട് പുറത്തെടുത്തു. ചീത്തവിളി. ഭീഷണി. 'എനിക്ക് ചോര മണക്കുന്നുണ്ട്. അത് നേരിടാനുള്ള നട്ടെല്ല് നിനക്കില്ല. നീ പേടിച്ചരണ്ട മുയലാണ്. അടുത്ത പന്തില്‍ നിന്നെ ഞാനെടുക്കും.' അതായിരുന്നു ഭീഷണിയെന്ന് ശ്രീശാന്ത് തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നെ കീപ്പര്‍ ബൗച്ചറോട് അല്‍പം പിറകോട്ട് മാറാന്‍ നിര്‍ദേശിച്ചു. ഷോര്‍ട്ട് ലെഗ് ഫീല്‍ഡറെയും മാറ്റി. ഒരു പേസറായ ശ്രീശാന്തിന് നെല്ലിന്റെ തന്ത്രം തിരിച്ചറിയാന്‍ അധികമാന്നും മിനക്കെടേണ്ടിവന്നില്ല. ബൗണ്‍സറിനുവേണ്ടി ഒരുങ്ങിത്തന്നെ നിന്നു. പന്ത് പറന്നുവന്നതും സ്‌റ്റെപ്പ് ഔട്ട് ചെയ്ത് റിസ്ക്കെടുത്തുതന്നെ ഒരൊറ്റ ഷോട്ട്. പന്ത് ബൗളറുടെ തലയ്ക്ക് മുകളിലൂടെ നേരെ അതിര്‍ത്തിക്കപ്പുറത്ത്. സിക്‌സിനെ ചിരിച്ചുകൊണ്ടാണ് അന്ന് കമന്റേറ്റര്‍മാര്‍ വരവേറ്റത്.

എന്നാല്‍, ആ ഷോട്ടിനേക്കാള്‍ വലിയ ഹിറ്റായത് തുടര്‍ന്നുള്ള ശ്രീയുടെ പ്രകടനമാണ്.  ബാറ്റ് വാളുപോലെ വീശിക്കൊണ്ടാണ് ശ്രീശാന്ത് നെല്ലിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കിയത്. വസീം അക്രവും അലന്‍ ഡൊണാള്‍ഡും നല്‍കിയ ഉപദേശങ്ങളാണ് തനിക്ക് ഇക്കാര്യത്തില്‍ തുണയായതെന്നും ശ്രീശാന്ത് പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്.

ഈ ഓവറില്‍ എന്നല്ല, പരമ്പരയില്‍ തന്നെ ശ്രീശാന്തിന്റെ ആകെയുള്ള സമ്പാദ്യമായിരുന്നു ഈ ആറ് റണ്‍. അടുത്ത ഓവറില്‍ വി.ആര്‍.വി. സിങ് പുറത്തായതോടെ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 236 റണ്‍സിന് ഓള്‍ഔട്ടായി. ഏഴ് പന്ത് നേരിട്ട ശ്രീശാന്ത് നോട്ടൗട്ട്. എന്നാല്‍, ഇന്ത്യ 123 റൺസിന് വിജയിച്ച മത്സരത്തിൽ രണ്ടിന്നിങ്‌സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് മാൻ ഓഫ് ദി മാച്ചായി.

Content Highights: Dale Steyn reveals Sreesanth moment against South Africa which gives him the chills