മുംബൈ: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇരുടീമുകളുടേയും സാധ്യതകള്‍ കണക്കുകൂട്ടി ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യക്ക് എന്തും സാധ്യമാണെന്ന് പറഞ്ഞ സ്റ്റെയ്ന്‍ ഇംഗ്ലണ്ടിന്റെ ബൗളിങ്ങിനെ അഭിനന്ദിക്കാനും മറന്നില്ല. ഇന്ത്യയേക്കാള്‍ ബൗളിങ് മൂര്‍ച്ച ഇംഗ്ലണ്ടിന്റെ താരങ്ങള്‍ക്കാണെന്നാണ് സ്റ്റെയ്‌നിന്റെ അഭിപ്രായം.

'പ്രവചനം എനിക്ക് ഇഷ്ടമില്ലാത്തൊരു കാര്യമാണ്. മുന്‍തൂക്കം കൂടുതല്‍ ഇംഗ്ലണ്ടിനാണ്. ഇത്രയും ദൈര്‍ഘ്യമേറിയ പരമ്പരയെന്നതും ആതിഥേയരെന്നതും ഇംഗ്ലണ്ടിന് അനുകൂലമായ ഘടകങ്ങളാണ്. ഇതൊരു പണം വെച്ചുള്ള പ്രവചന മത്സരമാണെങ്കില്‍ ഞാന്‍ ഇംഗ്ലണ്ടിന്റെ ഭാഗത്ത് തന്നെയാകും' സ്റ്റെയ്ന്‍ പറയുന്നു.

വിരാട് മികച്ച ക്യാപ്റ്റനാണെന്ന് എനിക്കറിയാം. അദ്ദേത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഇന്ത്യക്ക് എന്തും നേടാനാകും. പക്ഷേ ബൗളിങ്ങില്‍ അല്‍പം മുന്നിലുള്ളത് ഇംഗ്ലണ്ടായതിനാല്‍ ടെസ്റ്റ് പരമ്പരയില്‍ മികച്ച പോരാട്ടം കാണാനാകും' മുംബൈയില്‍ ഒരു പ്രമോഷണല്‍ ചടങ്ങിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്‌റ്റെയ്ന്‍. 

അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ഓഗസ്റ്റ് ഒന്നിനാണ് ആരംഭിക്കുന്നത്. ടിട്വന്റി പരമ്പര ഇന്ത്യ നേടിയപ്പോള്‍ ഏകദിന പരമ്പര ഇംഗ്ലണ്ടിനൊപ്പം നിന്നു.

Content Highlights: Dale Steyn On India vs England Series Cricket