അഹമ്മദാബാദ്: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്കായി 50000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 29 ലക്ഷം രൂപ) സംഭാവന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ്. 

വേണ്ട വിധത്തില്‍ ഓക്‌സിജന്‍ ലഭിക്കാത്തതുമൂലം ഇന്ത്യയില്‍ നിരവധി കോവിഡ് രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. ഇതുകണ്ടാണ് ലോക ഒന്നാം നമ്പര്‍ ബൗളറായ കമ്മിന്‍സ് പ്രധാനമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. 

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനായി താരം ഇന്ത്യയിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് കമ്മിന്‍സ് കളിക്കുന്നത്.

' ഞാന്‍ പരിചയപ്പെട്ടതില്‍ വെച്ചേറ്റവും മികച്ച വ്യക്തികളുള്ള നാടാണ് ഇന്ത്യ. ഇന്ത്യക്കാര്‍ എന്നോട് കാണിച്ച സ്‌നേഹത്തിന് ഞാനെന്നും കടപ്പെട്ടവനാണ്. അവര്‍ ഒരു പ്രശ്‌നം നേരിടുമ്പോള്‍ അതെനിക്കും വിഷമമുണ്ടാക്കുന്നു. അതുകൊണ്ടാണ് ഞാന്‍ പ്രധാനമന്ത്രിയുടെ സഹായ നിധിയിലേക്ക് സഹായം നല്‍കിയത്. അതുകൊണ്ട് കുറച്ചുപേരുടെ ജീവനെങ്കിലും രക്ഷിക്കാന്‍ സാധിച്ചാല്‍ അത് വലിയ കാര്യമായി ഞാന്‍ കരുതുന്നു' - കമ്മിന്‍സ് പറഞ്ഞു

Content Highlights:Cummins donates $50,000 to PM Cares Fund for purchase of oxygen supplies for Indian hospitals