സിഡ്‌നി: ഐ.പി.എല്‍ 14-ാം സീസണിനിടെ കോവിഡ് ബാധിച്ച ആളുകളില്‍ ഒരാളായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കോച്ചായ മുന്‍ ഓസീസ് താരം മൈക്കല്‍ ഹസ്സി.

കോവിഡ് ഭേദമായി നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇപ്പോള്‍ കോവിഡ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഫോക്‌സ് സ്‌പോര്‍ട്‌സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഹസ്സിയുടെ പ്രതികരണം.

ഐ.പി.എല്ലിനിടെ കോവിഡ് ബാധിച്ച ആദ്യ വ്യക്തികളില്‍ ഒരാളാണ് ഹസ്സി. അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ മാലിദ്വീപില്‍ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് ഹസ്സിക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനായത്. 

ചെന്നൈ ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജിക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷമാണ് ഹസ്സിക്കും രോഗം കണ്ടെത്തുന്നത്. സൂപ്പര്‍ കിങ്‌സിന്റെ യാത്രക്കിടെ ഇരുവരും ടീം ബസ്സില്‍ അടുത്തടുത്താണ് ഇരിക്കാറുള്ളത്. ഇങ്ങനെയാണ് രോഗം പടര്‍ന്നതെന്ന് കരുതുന്നു. 

''സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്ക് അതിനോടകം തന്നെ ചില ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എനിക്ക് അത് (രോഗം) കിട്ടിയിട്ടുണ്ടെന്ന് ഉറപ്പായി. കൂടാതെ ബസ്സില്‍ പലതവണ ഞാന്‍ ബൗളിങ് കോച്ചിന്റെ (ബാലാജി) അടുത്ത് ഇരുന്നിരുന്നു. അദ്ദേഹത്തിന് രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ എനിക്കും കിട്ടാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ വിചാരിച്ചു.'' - ഹസ്സി പറയുന്നു.

'''അവിടെ ഒരു അപകടസാധ്യതയുണ്ടായിരുന്നു. ഗ്രൗണ്ടില്‍വെച്ചാണ് അതിന് സാധ്യത. ഞങ്ങള്‍ പരിശീലിക്കുന്ന സമയത്ത് അവിടെ ഗ്രൗണ്ട് സ്റ്റാഫ് ഉണ്ടായിരുന്നു. മുംബൈയിലെ ബബിള്‍ വിട്ടതിനാല്‍ അപകടസാധ്യത കൂടുതലുമായിരുന്നു.'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗം സ്ഥിരീകരിച്ച ശേഷം ഹസ്സിയയേും ബാലാജിയയേും ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു.

Content Highlights: CSK batting coach Mike Hussey reveals how he got Covid-19