സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽ നിന്ന് ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും പുറത്ത്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധമായ രീതിയിലുള്ള പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇരുവര്‍ക്കുമെതിരായ ബി.സി.സി.ഐ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെയാണ് സസ്പെന്‍ഷനെന്ന് ബി.സി.സി.ഐ ഇടക്കാല ഭരണസമിതി വ്യക്തമാക്കി.
ഇരുവര്‍ക്കുമെതിരായ സസ്പെന്ഷന് ഭരണസമിതി അംഗം ഡയാന എഡുല്‍ജിയും അംഗീകരിച്ചതോടെയാണ് അച്ചടക്ക നടപടി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെ.എല്‍ രാഹുലിനെ ആദ്യ ഏകദിനത്തിനുള്ള ടീം സെലക്ഷനില്‍ പരിഗണിക്കുന്നില്ലെന്നും ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാകില്ലെന്നും ബി.സി.സി.ഐയോട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി
ശനിയാഴ്ച്ച തുടങ്ങുന്ന ഏകദിനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹാര്‍ദികിനോട് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം രാഹുലിനെ ആദ്യ ഇലവനിലേക്ക് പരിഗണിക്കുന്നുമില്ല. പി.ടി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യത്തില്‍ ഇരുവരോടും ബി.സി.സി.ഐ ഇടക്കാല ഭരണസമിതി വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണത്തില്‍ ഇടക്കാല ഭരണസമിതി തൃപ്തരായിരുന്നില്ല. തുടര്‍ന്ന് ഇരുവരേയും രണ്ട് ഏകദിനങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. ബി.സി.സി.ഐയുമായി കരാറുള്ള താരങ്ങള്‍ ടിവി ഷോയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിബന്ധനയുണ്ട്. പാണ്ഡ്യയും രാഹുലും ഇത്തരത്തില്‍ അനുമതി തേടിയിരുന്നോ എന്ന കാര്യം ബി.സി.സി.ഐ അന്വേഷിക്കുന്നുണ്ട്.
ഏകദിനത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇരുവരേയും വിമര്‍ശിക്കുന്ന രീതിയിലാണ് ക്യാപ്റ്റന്‍ വിരാട് കോലിയും സംസാരിച്ചത്. ഇരുവരുടേയും വാക്കുകളോട് യോജിക്കാനാവില്ലെന്നും ഇത്തരം വ്യക്തിപരമായ അഭിപ്രായങ്ങള്‍ ടീമിന്റെ അഭിപ്രായമായി കണക്കിലെടുക്കരുതെന്നും കോലി വ്യക്തമാക്കിയിരുന്നു. പറഞ്ഞ കാര്യങ്ങളുടെ ഗൗരവം ഇരുവര്‍ക്കും ബോധ്യമായിട്ടുണ്ടെന്നും ഇനി ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കോലി ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Cricketers Hardik Pandya, KL Rahul Suspended from Sydney ODI Over Sexist Remarks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..