മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമായ സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ന് 48-ാം പിറന്നാള്‍. സച്ചിന് ആശംസകളുമായി നിരവധി താരങ്ങള്‍ രംഗത്തെത്തി. 

ഇന്ത്യയ്ക്ക് വേണ്ടി 1989-ല്‍ അരങ്ങേറ്റം നടത്തിയ സച്ചിന് അന്ന് വെറും 16 വയസ്സ് മാത്രമായിരുന്നു പ്രായം. നിലവില്‍ ക്രിക്കറ്റിലെ മിക്ക റെക്കോര്‍ഡുകളും കൈയ്യടക്കിവെച്ചിരിക്കുന്നത് സച്ചിനാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 34357 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയേക്കാള്‍ 6000 റണ്‍സ് കൂടുതലുണ്ട് സച്ചിന്റെ പേരില്‍ എന്നോര്‍ക്കണം. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ സച്ചിന്‍. ഏകദിനത്തില്‍ 18426 റണ്‍സും ടെസ്റ്റില്‍ 15921 റണ്‍സുമാണ് താരം സ്‌കോര്‍ ചെയ്തത്. ഏകദിനത്തില്‍ ആദ്യമായി 200 റണ്‍സ് നേടിയതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറികളും സെഞ്ചുറികളുമെല്ലാം നേടിയതിന്റെ റെക്കോഡുമെല്ലാം സച്ചിന്റെ പേരിലാണ്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതെങ്കിലും ഈയിടെ നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. 

സച്ചിന് പിറന്നാള്‍ ആശംസകളുമായി വിരാട് കോലി, വെങ്കടേഷ് പ്രസാദ്, സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ, യുവരാജ് സിങ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയ താരങ്ങള്‍ രംഗത്തെത്തി. 

Content Highlights: Cricket legend Sachin Tendulkar celebrates his 48th birthday today