മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ ഇന്ത്യക്കെതിരെ ആരാധകരോഷം പുകയുന്നു. ഒന്നു പൊരുതുക പോലും ചെയ്യാതെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ സീനിയര്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ തങ്ങളുടെ പ്രതിഷേധം തുറന്നുകാട്ടുന്നത്. ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയാണ്.
ശാസ്ത്രിയെ പരിശീലകന്റെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കുംബ്ലെയെ തിരിച്ചുകൊണ്ടുവരണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇതിന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മുന്‍ പരിശീലകന്‍ ഓസ്‌ട്രേലിയന്‍ താരവുമായ ഗ്രെഗ് ചാപ്പലിനേക്കാള്‍ കഷ്ടമാണ് ശാസ്്ത്രിയുടെ കാര്യമെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ തളര്‍ത്താന്‍ മാത്രമേ ശാസ്ത്രിയെക്കൊണ്ട് സാധിക്കൂ എന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ശാസ്ത്രി കാറ്റു നിറച്ച ബലൂണാണെന്നും പ്രൊഫഷണലായുള്ള മറ്റൊരാളെ കൊണ്ടുവരണമെന്നും ആരാധകര്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമനിലയ്ക്കായി കളിക്കാനല്ല ഇന്ത്യ ഇംഗ്ലണ്ടില്‍ വന്നതെന്ന് പരമ്പരയ്ക്ക് മുമ്പ് ശാസ്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടി ശാസ്ത്രിയെ പരിഹസിക്കുന്നവരുമുണ്ട്. വന്നത് തോല്‍ക്കാനാണെന്ന അര്‍ത്ഥത്തോടെയാണ് പരമ്പരയ്ക്ക് മുമ്പ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലായിരുന്നുവെന്നാണ് ആരാധകരുടെ പരിഹാസം.
രവി ശാസ്ത്രി പരിശീലകനായ ശേഷം ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ പരമ്പര തോറ്റിരുന്നു. അന്ന് 2-1നാണ് ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റത്. ഇതേ സാഹചര്യത്തിലൂടെയാണ് ഇംഗ്ലണ്ടിലും ഇന്ത്യ കടന്നുപോകുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Content highlights: Cricket Fans Against Ravi Shastri After Lords Loss