സതാംപ്ടണ്‍: മൂന്നരമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും വരുന്നു, ചില കളികള്‍ കളിക്കാനും കാണികളെ ത്രസിപ്പിക്കാനും. കോവിഡിനുമുന്നില്‍ അടച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ വീണ്ടും തുറക്കുന്നു. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം. 

ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നുമുതല്‍ സതാംപ്ടണിലാണ് മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന പരമ്പരയാണിത്. രണ്ടും മൂന്നും ടെസ്റ്റുകള്‍ ഓള്‍ഡ് ട്രാഫഡില്‍ നടക്കും.

കോവിഡിനിടെ നിര്‍ത്തിവെച്ച ഫുട്ബോള്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലുമെല്ലാം പുനരാരംഭിച്ചതിനുപിന്നാലെയാണ് ക്രിക്കറ്റ് മത്സരങ്ങളും തുടങ്ങുന്നത്.

ക്വാറന്റീന്‍ കഴിഞ്ഞ് വിന്‍ഡീസ്

ടെസ്റ്റിനുവേണ്ടിയുള്ള വെസ്റ്റിന്‍ഡീസ് ടീം ഒരു മാസംമുമ്പ് ഇംഗ്ലണ്ടിലെത്തിയിരുന്നു. മൂന്നാഴ്ചത്തെ ക്വാറന്റീനും അതിനുശേഷം പരിശോധനയും പൂര്‍ത്തിയാക്കിയാണ് ടീം മത്സരത്തിനിറങ്ങുന്നത്.

ഗ്രൗണ്ടില്‍ പല മാറ്റങ്ങള്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ മാറ്റങ്ങളോടെയാണ് മത്സരം പുനരാരംഭിക്കുന്നത്.

മത്സരത്തിനിടെ ബൗളര്‍മാര്‍ പന്തിന് മിനുസം കൂട്ടാന്‍ തുപ്പല്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

കളിക്കാര്‍ തമ്മില്‍ കൈകൊടുക്കലും കെട്ടിപ്പിടിച്ചുള്ള ആഘോഷങ്ങളും ഉണ്ടാകില്ല.

മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന്‍ കോവിഡ് ലക്ഷണം കാണിച്ചാല്‍ ഇതേ സ്ഥാനത്ത് കളിക്കാന്‍ പറ്റിയ പകരക്കാരനെ ഇറക്കാം.

കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല. പകരം സ്റ്റേഡിയത്തില്‍നിന്ന് കൃത്രിമ ശബ്ദഘോഷങ്ങളുണ്ടാകും.

വൈറസ് വ്യാപനം തടയാന്‍ സഹായിക്കുന്ന ബയോ സെക്യുര്‍ അന്തരീക്ഷത്തിലാണ് മത്സരങ്ങള്‍. കളിക്കാര്‍ക്ക് സ്റ്റേഡിയത്തിനകത്തേക്കും പുറത്തേക്കും പോകാന്‍ അതിസുരക്ഷാ പാത ഒരുക്കിയിട്ടുണ്ട്. ഒഫീഷ്യലുകള്‍ക്കും മറ്റുള്ളവര്‍ക്കും ഇതുപോലെ പ്രത്യേക പാതയുണ്ട്.

മൂന്ന് മാസത്തിനുശേഷം

ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് രണ്ടുവരെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലായിരുന്നു അവസാനത്തെ ടെസ്റ്റ് മത്സരം. അന്ന് ന്യൂസീലന്‍ഡ് ഏഴു വിക്കറ്റിന് ജയിച്ചു. അവസാന ഏകദിനം മാര്‍ച്ച് 13-ന് ഓസ്ട്രേലിയയും ന്യൂസീലന്‍ഡും തമ്മില്‍. അന്താരാഷ്ട്ര തലത്തിലെ അവസാന മത്സരവും ഇതായിരുന്നു.

Content Highlights: cricket back in action after 3 months England vs West Indies 1st Test at Southampton