സിഡ്‌നി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി പെരുകി വരുന്ന സാഹചര്യത്തില്‍ ധനസഹായവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്ത്. 

ഇന്ത്യയില്‍ കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് 50000 ഡോളര്‍ (ഏകദേശം 37 ലക്ഷം രൂപ) നല്‍കിയാണ് ഓസ്‌ട്രേലിയ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോയിയേഷനും യുണിസെഫും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് ധനസഹായമേകിയത്.

ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനും ആശുപത്രികളില്‍ കഴിയുന്ന നിര്‍ധനരായ രോഗികളെ സഹായിക്കുന്നതിനും വേണ്ടിയാണ് തുക കൈമാറുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

' ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ക്രിക്കറ്റിലൂടെ ആ ബന്ധത്തിന് കൂടുതല്‍ ശക്തി ലഭിച്ചു. കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ശക്തമായപ്പോള്‍ നിരവധി സഹോദരങ്ങളാണ് ജീവന് വേണ്ടി പിടയുന്നത്. അവരെ സഹായിക്കാനാണ് ഞങ്ങളുടെ ശ്രമം' - ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സി.ഇ.ഒ ആയ നിക്ക് ഹോക്ക്‌ലി പറഞ്ഞു.

നേരത്തേ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ പാറ്റ് കമ്മിന്‍സും ബ്രെറ്റ് ലീയും ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു.

Content Highlights: Cricket Australia donates $50,000 to help India fight pandemic