ബെംഗളൂരു ടെസ്റ്റിനിടെ ഡി.ആര്‍.എസിനായി ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പ്രവൃത്തി ഇരുടീമുകളും തമ്മിലുള്ള വാദപ്രതിവാദങ്ങളിലേക്ക് നീങ്ങുന്നു.  ടെസ്റ്റിന് ശേഷം സ്മിത്തിന്റെ നിയമലംഘനം ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും ചതി തന്നെയാണ് ഓസീസ് ക്യാപ്റ്റന്‍ ചെയ്‌തെന്നും വിരാട് കോലി ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് സ്മിത്ത് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഈ സംഭവത്തില്‍ ഐ.സി.സി മാച്ച് റഫറി ക്രിസ് ബോര്‍ഡിന് രേഖാമൂലം പരാതി നല്‍കി. 48 മണിക്കൂറിന് ശേഷം ക്രിസ് ബോര്‍ഡ് ഈ പരാതിയില്‍ പ്രതികരണം അറിയിക്കും.ഓസീസ് ക്യാപ്റ്റനെതിരെ നടപടിയുണ്ടാകാനണ് സാധ്യത.

അതേ സമയം സ്റ്റീവ് സ്മിത്തിന്റെ നിയമലംഘനം പിന്തുണച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തെത്തി. ''ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ആരോപണങ്ങള്‍ ഞാന്‍ കണ്ടു. അത് അന്യായമാണ്'' ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്റ് വ്യക്തമാക്കി. 

''സ്മിത്ത് വ്യക്തിയെന്ന നിലയിലും ക്രിക്കറ്റ് താരമെന്ന നിലയിലും മികച്ചു നില്‍ക്കുന്നവനാണ്. ക്രിക്കറ്റ് താരമാകണമെന്ന് സ്വപ്‌നം കാണുന്ന യുവാക്കള്‍ക്ക് പിന്തുടരാന്‍ പറ്റിയ ക്രിക്കറ്റ് താരം. അദ്ദേഹം ഡ്രസ്സിങ് റൂമിലേക്ക് നോക്കിയതില്‍ ദുരുദ്ദേശമൊന്നും ഇല്ലായിരുന്നുവെന്ന വിശ്വാസമുണ്ട്. രാജ്യത്തെ അഭിമാനകരമായ രീതിയില്‍ പ്രതിനിധീകരിക്കുന്ന സ്റ്റീവ് സ്മിത്തിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നു'' ജെയിംസ് സതര്‍ലാന്‍ഡ് കൂട്ടിച്ചേര്‍ത്തു. 

ഓസ്‌ട്രേലിയയുടെ പരിശീലകന്‍ ഡാരെന്‍ ലേമാനും ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയെന്ന ആരോപണം നിഷേധിച്ചു. ''അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ ആരോപണം കേട്ടപ്പോള്‍ അദ്ഭുതപ്പെട്ടു. കോലിക്ക് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ട്. പക്ഷേ അവസാന ദിവസം ശരിയായ വഴിയിലൂടെ തന്നെയാണ് ഞങ്ങള്‍ കളിച്ചത്. അതുകൊണ്ട് വിവാദത്തിനൊന്നും നില്‍ക്കാതെ അടുത്ത ടെസ്റ്റിനായുള്ള മുന്നൊരുക്കം നടത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ''ലേമാന്‍ വ്യക്തമാക്കി. 

അതേ സമയം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍ ഇക്കാര്യത്തില്‍ ഐ.സി.സിയുടെ അന്വേഷണം വേണമെന്നാണ് പ്രതികരിച്ചത്. ഓസ്‌ട്രേലിയന്‍ ടീമിനെതിരെ നടപടിയെടുക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും അഭിപ്രായപ്പെട്ടു.

തന്റെ മുന്‍ സഹതാരത്തിന്റെ പ്രവൃത്തിയില്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്ന് മൈക്കല്‍ ക്ലര്‍ക്ക് ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയന്‍ ടീം അത്തരത്തില്‍ ഡി.ആര്‍.എസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും ക്ലര്‍ക്ക് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ബി.സി.സി.ഐ ചോദിച്ചിരിക്കുന്നത് ഇതെന്താ ഡ്രസ്സിങ് റൂം റിവ്യൂ സിസ്റ്റമാണോ എന്നാണ്.

ഇതിനെല്ലാമപ്പുറത്ത് ചര്‍ച്ചയാകുന്നത് സ്മിത്തിനൊപ്പം ആ സമയത്ത് ക്രീസിലുണ്ടായിരുന്ന സഹതാരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ ട്വീറ്റാണ്. സ്മിത്തിനോട് ഡ്രസ്സിങ് റൂമിലേക്ക് നോക്കാന്‍ പറഞ്ഞത് താനാണെന്നും അത് തന്റെ തെറ്റാണെന്നും തനിക്ക് നിയമം അറിയില്ലായിരുന്നുവെന്നും ഹാന്‍ഡ്‌സ്‌കോമ്പ് ട്വീറ്റില്‍ പറയുന്നു. 

Read More: ഡി.ആര്‍.എസ്സിനായി സ്മിത്ത് ഡ്രസ്സിങ് റൂമിന്റെ സഹായം തേടി, കോലി കൈയോടെ പിടിച്ചു

2008ല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റിനിടെ സൈമണ്ട്‌സും ഹര്‍ഭജന്‍ സിങ്ങും തമ്മില്‍ നടന്ന വാഗ്വാദത്തിനോടാണ് ഓസ്‌ട്രേലിയയിലെ മാധ്യമങ്ങള്‍ ഈ സംഭവത്തെ താരതമ്യപ്പെടുത്തുന്നത്. അന്ന് പരമ്പര ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ടീം ഭീഷണിപ്പെടുത്തിയിരുന്നു. ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് ഒരു ടീം മാത്രമേ കളിച്ചിട്ടുള്ളൂവെന്നും മത്സരശേഷം അന്ന് ക്യാപ്റ്റനായിരുന്ന കുംബ്ലെ അഭിപ്രായപ്പെട്ടിരുന്നു.