മെല്‍ബണ്‍: കോവിഡ്-19 രോഗവ്യാപനം കാരണം മാറ്റിവെച്ച ഐ.പി.എല്‍ ഈ വര്‍ഷം തന്നെ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ട്വന്റി 20 ലോകകപ്പ് സംബന്ധിച്ച് ഐ.സി.സി ഇതുവരെയും ഒരു തീരുമാനവും അറിയിക്കാത്തതിനാല്‍ ഐ.പി.എല്ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ താരങ്ങളോട് ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഐ.പി.എല്ലിനായി തയ്യാറെടുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബറിലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഐ.പി.എല്ലിനായി തയ്യാറെടുക്കാനാണ് താരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏത് വേദിയിലായാലും ടൂര്‍ണമെന്റിനായി ഒരുങ്ങാനാണ് നിര്‍ദേശം. ഇന്ത്യയില്‍ ഐ.പി.എല്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ വേദി അനുവദിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കയും യു.എ.ഇയും രംഗത്തെത്തിയിരുന്നു.

ന്യൂസീലന്‍ഡിന്റെ പേരും ഇക്കൂട്ടത്തിലേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും അതെല്ലാം അഭ്യൂഹങ്ങളാണെന്ന് വ്യക്തമാക്കി ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് തന്നെ രംഗത്തെത്തിയിരുന്നു.

ട്വന്റി 20 ലോകകപ്പിനുള്ള സാധ്യതകള്‍ ഇല്ലാതായതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങളോട് ഐ.പി.എല്ലിനായി ഒരുങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

Content Highlights: Cricket Australia asked players to plan for IPL after England series report