ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി ബാറ്റിങ്ങില്‍ തിളങ്ങിയത് സ്പിന്നര്‍ ആര്‍. അശ്വിനായിരുന്നു.

രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ അശ്വിന്റെ മികവിലാണ് ഇന്ത്യ 286 റണ്‍സ് നേടിയതും ഇംഗ്ലണ്ടിനു മുന്നില്‍ 482 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തിയതും.

148 പന്തുകള്‍ നേരിട്ട അശ്വിന്‍ ഒരു സിക്‌സും 14 ഫോറുമടക്കം 106 റണ്‍സെടുത്താണ് പുറത്തായത്. 

ഇപ്പോഴിതാ ആ സെഞ്ചുറിയുടെ ക്രെഡിറ്റ് അശ്വിന്‍ നല്‍കുന്നത് ടീം ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡിനാണ്.

അടുത്തിടെ നടന്ന പരമ്പരകളില്‍ തന്റെ ബാറ്റിങ് മെച്ചപ്പെടാന്‍ കാരണം റാത്തോഡാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനൊപ്പം തുടര്‍ച്ചയായ പരിശീലിക്കുന്നതിന്റെ ഫലമാണ് ഇതെല്ലാമെന്നും അശ്വിന്‍ പറഞ്ഞു.

സെഞ്ചുറി നേടുകയും ആദ്യ ഇന്നിങ്സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തുകയും ചെയ്ത അശ്വിന്‍ സ്വപ്നതുല്യമായ പ്രകടനമാണ് ഇന്ത്യയ്ക്കായി കാഴ്ച വെയ്ക്കുന്നത്. 

Content Highlights: Credits goes to India Batting Coach Vikram Rathour says Ravichandran Ashwin