ന്യൂഡല്‍ഹി: കരിയറില്‍ രോഹിത് ശര്‍മ സ്വന്തമാക്കിയ ഉയര്‍ച്ചയുടെ ക്രെഡിറ്റ് മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് അവകാശപ്പെട്ടതാണെന്ന് മുന്‍ താരവും എം.പിയുമായ ഗൗതം ഗംഭീര്‍.
''ഇന്ന് രോഹിത് കരിയറില്‍ എവിടെ നില്‍ക്കുന്നോ അത് ധോനി കാരണമാണ്. ക്യാപ്റ്റന്റെ പിന്തുണയില്ലെങ്കില്‍ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്മെന്റുമൊന്നും നിങ്ങളെ പിന്തുണയ്ക്കില്ല. ആ സമയത്ത് രോഹിത്തിന് ധോനി നല്‍കിയ പിന്തുണ അഭിനന്ദനാര്‍ഹമാണ്. ആ ക്രെഡിറ്റ് ധോനി അര്‍ഹിക്കുന്നതാണ്. ഒരുപാട് കളിക്കാര്‍ക്കൊന്നും അത്തരമൊരു പിന്തുണ ക്യാപ്റ്റന്‍മാരില്‍ നിന്ന് ലഭിക്കില്ല'', ഗംഭീര്‍ പറഞ്ഞു.
''കരിയറിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും രോഹിത്തിനെ മാറ്റിനിര്‍ത്തിയിരുന്നില്ല എന്നതാണ് ധോനിയുടെ ഏറ്റവും വലിയ ഗുണം. ഏത് പര്യടനത്തിനു മുമ്പും നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങുകളില്‍ രോഹിത്തിന്റെ പേര് എപ്പോഴും ഉയര്‍ന്നുവരാറുണ്ട്. നമുക്ക് രോഹിത്തുണ്ട്, ടീമിലെടുക്കാം എന്ന് ധോനി എപ്പോഴും പറയാറുണ്ട്. രോഹിത്തിന്റെ കഴിവ് എം.എസ് തിരിച്ചറിഞ്ഞിരുന്നു. രോഹിത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് ധോനിക്ക് അവകാശപ്പെട്ടതാണ്'', ഗംഭീര്‍ വ്യക്തമാക്കി.
മധ്യനിരയില്‍ പലപ്പോഴും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന രോഹിത്തിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാനുള്ള തീരുമാനം ധോനിയുടേതായിരുന്നു. രോഹിത്തിന്റെ കരിയറിലും ഇന്ത്യയുടെ മുന്നേറ്റത്തിലും ഏറെ സഹായകമായ നീക്കം കൂടിയായിരുന്നു അത്.
2013 ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിത് ആദ്യമായി ഓപ്പണറാകുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 177 റണ്‍സ് നേടിയ ഹിറ്റ്മാന്‍, പിന്നീട് ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിലെ നിര്‍ണായക താരമായി വളര്‍ന്നു.
Content Highlights: Credit for Rohit Sharma's success goes to MS Dhoni says Gautam Gambhir