പോർട്ട് ഓഫ് സ്പെയിൻ: കോവിഡ് വ്യാപനത്തെ തുടർന്ന് ക്രിക്കറ്റ് ലീഗുകളെല്ലാം നീട്ടിവെച്ചിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗും പാകിസ്താൻ സൂപ്പർ ലീഗുമെല്ലാം മാറ്റിവെച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടി. എന്നാൽ കോവിഡ് കാലത്ത് ആരംഭിക്കുന്ന ആദ്യ ട്വന്റി-20 ലീഗാകാൻ ഒരുങ്ങുകയാണ് കരീബിയൻ പ്രീമിയർ ലീഗ് (സി.പി.എൽ). നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ സി.പി.എല്ലിന്റെ ആറാം സീസൺ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും.

ട്രിനിഡാഡ് ആന്റ് ടുബോഗോയിലാണ് മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ 20-നാണ് ഫൈനൽ. എല്ലാ ടീമുകളും അവരുടെ ഒഫീഷ്യലുകളും ഒരേ ഹോട്ടലിലായിരിക്കും താമസിക്കുക. എല്ലാവരും രണ്ടാഴ്ച്ച ക്വാറന്റെയ്നിൽ ആയിരിക്കും. മറ്റു രാജ്യങ്ങളിൽ നിന്ന് കളിക്കാനെത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

ഒഫീഷ്യലുകളേയും ടീമുകളേയും ക്ലസ്റ്ററുകളായി തിരിക്കും. ഒരേ ക്ലസ്റ്ററിലുള്ള ആർക്കെങ്കിലും കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഈ ക്ലസ്റ്ററിലുള്ള എല്ലാ അംഗങ്ങളേയും 14 ദിവസത്തെ ക്വാറെന്റെയ്നിലേക്ക് വിടും. അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ നടക്കുക.

ഇന്ത്യയിൽ നിന്ന് വെറ്ററൻ സ്പിൻ ബൗളറായ പ്രവീൺ താംബെ സി.പി.എല്ലിൽ കളിക്കുന്നുണ്ട്. ഇതോടെ സി.പി.എല്ലിൽ കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡ് പ്രവീണിന് സ്വന്തമാകും. ട്രിൻബാഗൊ നൈറ്റ് റൈഡേഴ്സാണ് ലെഗ് സ്പിന്നറെ ടീമിലെടുത്തത്. റാഷിദ് ഖാൻ, സുഹൈൽ തൻവീർ, ക്രിസ് ലിൻ, മുഹമ്മദ് നബി, ബ്രാത്വെയ്റ്റ്, റോസ് ടെയ്ലർ, മാർക്കസ് സ്റ്റോയിൻസ് തുടങ്ങിയ പ്രമുഖ താരങ്ങളും സി.പി.എല്ലിൽ കളിക്കും.

Content Highlights: CPL Set To Become First T 20 League To Begin Amid Pandemic