ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ഇന്ത്യ - പാകിസ്താന്‍ ഏകദിന പരമ്പര നടത്താമെന്ന് മുന്‍ പാക് താരം ഷുഐബ് അക്തര്‍.

കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തന്റെ  ആശയമെന്ന് അക്തര്‍ പറഞ്ഞു.

''ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു മത്സര ഏകദിന പരമ്പര എന്ന ആശയമാണ് എനിക്ക് മുന്നോട്ടുവെയ്ക്കാനുള്ളത്. മത്സരം ടെലിവിഷനില്‍ മാത്രം സംപ്രേക്ഷണം ചെയ്താല്‍ മതി. ലോക്ക് ഡൗണ്‍ മൂലം എല്ലാവരും വീടുകളില്‍ ഇരിക്കുന്നതിനാല്‍ ടിവിയില്‍ മത്സരം കാണാന്‍ നിരവധി പേരുണ്ടാകും. അതിലൂടെ ലഭിക്കുന്ന വരുമാനം എത്ര തന്നെയായാലും ഇരു രാജ്യങ്ങള്‍ക്കുമായി വീതിക്കാം. വിരാട് (കോലി) സെഞ്ചുറി നേടിയാല്‍ ഞങ്ങള്‍ (പാകിസ്താന്‍) സന്തോഷിക്കും. ബാബര്‍ അസം സെഞ്ചുറി നേടിയാല്‍ നിങ്ങള്‍ക്കും (ഇന്ത്യ) സന്തോഷിക്കാം''- അക്തര്‍ പറഞ്ഞു.

തന്റെ അഭിപ്രായം മാത്രമാണ് ഇതെന്നും ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളുടെയും തലവന്‍മാരാണ് തീരുമാനമെടുക്കേണ്ടതെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ - പാക് ബന്ധം വഷളായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. 2007-നു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ പരമ്പരകള്‍ നടന്നിട്ടില്ല.

Content Highlights: covid-19 Shoaib Akhtar proposes India-Pakistan series to raise funds