ജൊഹാനസ്ബര്‍ഗ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ 2006-ല്‍ ഓസ്‌ട്രേലിയക്കെതിരേ ചരിത്രം കുറിച്ച മത്സരത്തില്‍ ഉപയോഗിച്ച ബാറ്റ് ലേലത്തിനു വെച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ്.

2006 മാര്‍ച്ച് 12-ന് ഏകദിനത്തിലെ ഏറ്റവും വലിയ റണ്‍ചേസ് നടന്ന മത്സരത്തില്‍ ഉപയോഗിച്ച ബാറ്റാണ് ഗിബ്‌സ് ലേലത്തിന് വെച്ചത്. ബാറ്റിന്റെ ചിത്രം ഉള്‍പ്പെടെ ലേലം ചെയ്യുന്ന വിവരം ഗിബ്സ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

അന്ന് ഓസീസ് ഉയര്‍ത്തിയ 435 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മറികടക്കുമ്പോള്‍ 111 പന്തില്‍ നിന്ന് 21 ഫോറും ഏഴു സിക്‌സുമടക്കം 175 റണ്‍സെടുത്ത ഗിബ്‌സിന്റെ ഇന്നിങ്‌സാണ് നിര്‍ണായകമായത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് 105 പന്തില്‍ 164 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ മികവില്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 434 റണ്‍സെടുത്തു. വിജയം ഉറപ്പിച്ച് ഫീല്‍ഡിങ്ങിന് ഇറങ്ങിയ ഓസീസിനെ പക്ഷേ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗ്രെയിം സ്മിത്തും (90) ഗിബ്‌സും ചേര്‍ന്ന് വെള്ളം കുടിപ്പിച്ചു. ഒടുവില്‍ ഒരു പന്തും ഒരു വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു.

Content Highlights: Covid-19 Herschelle Gibbs to Auction Bat Used in record breaking 434 chased game against Australia