ധാക്ക: കോവിഡ്-19 ആശങ്കകള്‍ക്കിടെ ക്രിക്കറ്റ് ലോകത്തിനു തന്നെ മാതൃക കാണിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബംഗ്ലാദേശ് സര്‍ക്കാരിന് തങ്ങളുടെ പകുതി ശമ്പളം സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍.

ബംഗ്ലാദേശ് മാധ്യമം ധാക്ക ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം 27 താരങ്ങള്‍ തങ്ങളുടെ പാതി ശമ്പളം സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 17 താരങ്ങള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. 10 പേര്‍ അടുത്ത കാലത്ത് ദേശീയ ടീമില്‍ കളിച്ചവരും. ഏകദേശം 23 ലക്ഷത്തോളം രൂപയാണ് ഇവര്‍ സര്‍ക്കാരിന് നല്‍കുക.

'ലോകം മുഴുവന്‍ കൊറോണ വൈറസ് മഹാമാരിയോട് പോരാടുകയാണ്. ബംഗ്ലാദേശിലും കോവിഡ്-19 ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഈ വിപത്തിനെ ചെറുക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ ജനങ്ങളോ ബോധവല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍ അതുമാത്രമല്ല കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായി ബി.സി.ബി കരാറിലുള്ള ഞങ്ങള്‍ 17 പേരും അടുത്തിടെ ദേശീയ ടീമിനായി കളിച്ച 10 താരങ്ങളും ശമ്പളത്തിന്റെ പകുതി തുക കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നല്‍കുകയാണ്', താരങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

Content Highlights: covid 19 Bangladesh Cricketers Donate Half-Month Salary To Government