സതാംപ്റ്റൺ: ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയുടെ ചെറുത്തുനിൽപ്പ്. കൗണ്ടി ക്രിക്കറ്റിൽ സ്വന്തം ടീമായ സസെക്സിനായി വൻമതിൽ പോലെ ഉറച്ചു നിന്ന അംല 278 പന്തിൽ നിന്ന് പുറത്താകാതെ നേടിയത് 37 റൺസ്. ഹാംഷെയറിനെതിരായ മത്സരത്തിലായിരുന്നു സസെക്സ് താരമായ അംലയുടെ ഈ മാരത്തൺ ഇന്നിങ്സ്.

അഞ്ചു ഫോർ സഹിതം 37 റൺസെടുത്ത അംല പുറത്താകാതെ നിന്നു. ഒപ്പം സസെക്സിന് വിജയത്തോളംപോന്ന സമനിലയും സമ്മാനിച്ചു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 40-ൽ കുറവ് റൺസ് സ്കോർ ചെയ്യാൻ കൂടുതൽ പന്തുകൾ നേരിട്ട താരമെന്ന റെക്കോഡും ദക്ഷിണാഫ്രിക്കൻ താരം സ്വന്തമാക്കി.

114 പന്തിൽ നിന്നാണ് അംല ആദ്യ അഞ്ചു റൺസ് നേടിയത്. ആദ്യ ഫോർ വന്നത് 125-ാമത്തെ പന്തിലാണ്. 13.30 സട്രൈക്ക് റേറ്റ്. ഇതിന് മുമ്പ് 10.24 ആയിരുന്നു അംലയുടെ കുറഞ്ഞ സ്ട്രൈക്ക് റേറ്റ്. 2015-ൽ ഡൽഹിയിൽ നടന്ന ഇന്ത്യക്കെതിരായ ടെസ്റ്റിലായിരുന്നു അത്. എന്ന് 244 പന്തിൽ അംല നേടിയത് 24 റൺസാണ്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഹാംഷെയർ 488 റൺസ് അടിച്ചെടുത്തു. കിവീസ് താരം കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ സെഞ്ചുറി ബലത്തിലാണ് ഹാംഷെയർ കൂറ്റൻ സ്കോറിലെത്തിയത്. 213 പന്തിൽ നിന്ന് ഗ്രാൻഡ്ഹോം 17 ഫോറും മൂന്നു സിക്സും സഹിതം 174 റൺസെടുത്തു. ഓപ്പണർ ഇയാൻ ഹോളണ്ട് 58 റൺസും ഫെലിക്സ് ഓർഗൻ 67 റൺസും നേടി.

മറുപടി ബാറ്റിങ്ങിൽ സസെക്സിന്റെ കൂട്ടത്തകർച്ച കണ്ടു. ഒന്നാം ഇന്നിങ്സിൽ അവർ 31.4 ഓവറിൽ 72 റൺസിന് പുറത്തായി. 65 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 29 റൺസെടുത്ത അംലയായിരുന്നു ടോപ്പ് സ്കോറർ. 14 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കെയ്ത് ബാർകറിന് മുന്നിൽ സസെക്സ് താരങ്ങൾ വെള്ളം കുടിക്കുകയായിരുന്നു.

തുടർന്ന് ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ സസെക്സ് വീണ്ടും തകർന്നു. 30 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായി. ഒടുവിൽ നാലാമനായി ഇറങ്ങിയ അംല രക്ഷകനാകുകയായിരുന്നു. അംലയുടെ നേതൃത്വത്തിൽ 104.5 ഓവറുകളാണ് സസെക്സ് ബാറ്റ്സ്മാൻമാർ പിടിച്ചുനിന്നത്. ഒടുവിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ മത്സരം സമനിലയിൽ അവസാനിച്ചു.

Content Highlights: County Championship 2021 Twitter goes berserk after Hashim Amla scores 37 off 278