സിഡ്നി: ട്വന്റി 20 ലോകകപ്പ് മാറ്റിവെച്ച് ആ സമയത്ത് ഐ.പി.എല്‍ ടൂര്‍ണമെന്റ് നടത്തിയാല്‍ ഒരു രാജ്യവും കളിക്കാരെ അയക്കരുതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍. ലോക ടൂര്‍ണമെന്റിനേക്കാള്‍ പ്രാധാന്യം ഇന്ത്യയിലെ ഒരു ആഭ്യന്തര ടൂര്‍ണമെന്റിന് നല്‍കുന്നതിനോട് യോജിക്കാനാകില്ലെന്നും ബോര്‍ഡര്‍ വ്യക്തമാക്കി.

കോവിഡ്-19 രോഗബാധ കാരണം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മാറ്റിവെയ്ക്കാനുള്ള സാധ്യതയുണ്ടെന്നും അത് സെപ്റ്റംബര്‍ - ഒക്ടോബര്‍ കാലയളവില്‍ ഐ.പി.എല്‍ നടത്തിപ്പിന് വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ബോര്‍ഡര്‍ രംഗത്തെത്തിയത്.

ട്വന്റി 20 ലോകകപ്പ് നടത്താനുള്ള സാഹചര്യമില്ലെങ്കില്‍ ഐ.പി.എലും നടത്തുവാനുള്ള സാഹചര്യമില്ലെന്നാണ് മനസിലാക്കേണ്ടതെന്ന് പറഞ്ഞ ബോര്‍ഡര്‍ മറിച്ചൊരു തീരുമാനമുണ്ടായാല്‍ അത് പണമുണ്ടാക്കാനുള്ള പരിപാടിയാണെന്ന് താന്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം തീരുമാനം ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും ബോര്‍ഡര്‍ വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പിന് പകരം ഐ.പി.എല്‍ അനുവദിച്ചാല്‍ അതൊരു മോശം മാതൃകയാകും. ഇങ്ങനെ മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ രാജ്യങ്ങളും അവരുടെ ക്രിക്കറ്റ് ബോര്‍ഡുകളും തങ്ങളുടെ താരങ്ങളെ ഐ.പി.എല്ലില്‍ കളിക്കുന്നതില്‍ നിന്ന് തടഞ്ഞ് പ്രതിഷേധിക്കണമെന്നും ബോര്‍ഡര്‍ പറയുന്നു.

Content Highlights: countries should stop their players going to IPL if the league replaces T20 World Cup says Allan Border