കോവിഡ് 19 കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി നാലരക്കോടിയോളം രൂപ ധനസഹായം നല്‍കി ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. താരങ്ങളുടെ ശമ്പളത്തില്‍ നിന്നും 25 ശതമാനം കിഴിച്ച് ആ തുകയാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുക.

കോവിഡ് ഭീഷണി കാരണം ഇംഗ്ലണ്ടിന്റെ വെസ്റ്റിന്‍ഡീസ്., പാക്കിസ്താന്‍, ഓസ്‌ട്രേലിയ പര്യടനങ്ങള്‍ മാറ്റിവെച്ചിരുന്നു. നിലവില്‍ താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കാനും പാവപ്പെട്ടവരെ സഹായിക്കാനും സന്നദ്ധനാണ് എന്ന കാര്യം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയന്‍ മോര്‍ഗന്‍ അറിയിച്ചു.

പുരുഷടീമിനെക്കൂടാതെ ഇംഗ്ലണ്ട് വനിതാടീമും ധനസഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. പുരുഷതാരങ്ങളെക്കാള്‍ വേതനം കുറവായ വനിതകള്‍ ഏപ്രില്‍,മേയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളത്തിന്റെ പങ്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാമെന്ന് അറിയിച്ചു.

Content Highlights: Coronavirus: England Cricket Stars Donate 500,000 Pounds To Board In Fight Against COVID-19