ദുബായ്: കൊവിഡ്-19 ലോകത്താകമാനം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഐ.സി.സിയുടെ ട്വന്റി-20 ലോകകപ്പും ഭീഷണിയില്‍. ഒക്ടോബറില്‍ ഓസ്ട്രേലിയയിലാണ് ലോകകപ്പ് നടക്കേണ്ടത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ ആറു മാസം വേണ്ടിവരുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ട്വന്റി-20 ലോകകപ്പ് നീട്ടിവെയ്ക്കേണ്ടിവരും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 29-ന് ഐ.സി.സി ടെലി കോണ്‍ഫെറന്‍സ് ചേരും.

മാര്‍ച്ച് 27 മുതല്‍ വിദേശികള്‍ക്ക് ഓസ്ട്രേലിയയിലേക്ക് പ്രവേശനമില്ല. ഈ വിലക്ക് ആറു മാസം വരെ നീണ്ടുനിന്നേക്കും. അങ്ങനെയെങ്കില്‍ സെപ്റ്റംബര്‍ 27 വരെ വിദേശികള്‍ക്ക് ഓസ്ട്രേലിയ സന്ദര്‍ശിക്കാനാകില്ല. ഒക്ടോബര്‍ 18-നാണ് ഐ.സി.സി ലോകകപ്പ് തുടങ്ങുക. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പേ ഓസ്ട്രേലിയയില്‍ എത്തേണ്ടതായി വരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമാകില്ല. ഇങ്ങനെയൊരു പ്രതിസന്ധിയിലാണ് ഐ.സി.സി യോഗം വിളിച്ചത്.

അതേസമയം ഐ.സി.സിയുടെ ദുബായിലെ ആസ്ഥാനം അടച്ചിട്ടു. യു.എ.ഇയില്‍ കൂടുതല്‍ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ജീവനക്കാരേയും കുടുംബങ്ങളേയും സമൂഹത്തേയും സുരക്ഷിതമാക്കി ഐ.സി.സിയുടെ പ്രവര്‍ത്തനം സുഗമമായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഐ.സി.സി പ്രതിനിധി വ്യക്തമാക്കിയിരുന്നു.

Content Highlights: Corona threat- T20 World Cup, The ICC will meet